
കോട്ടയം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം കടുപ്പിച്ചതോടെ പരിശോധനയും ഊർജിതമായി. തദ്ദേശ സ്ഥാപനങ്ങളാണ് ഓരോ പ്രദേശത്തും നടപടിയെടുക്കേണ്ടത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടകളിൽ വിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യം. ഒപ്പം വീടുകളിലെ പ്ലാസ്റ്റിക് സ്വീകരിക്കാൻ ഹരിതകർമ സേനയുടെ പ്രവർത്തനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉടനെ പിഴയീടാക്കാനാണ് തീരുമാനം
നിരോധനം നിലവിൽ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് വിറ്റഴിക്കാനാവാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മിഠായി സ്റ്റിക്, ഇയർബഡ്‌സ്, ഐസ്‌ക്രീം സ്റ്റിക് തുടങ്ങിയവയെല്ലാം ഒഴിവാക്കിയതിന്റെ പട്ടികയിൽ വരും. നിരോധനത്തോടെ ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് നഷ്ടമുണ്ടായെന്നും സ്റ്റോക്ക് വിറ്റുതീർക്കാൻ സാവകാശം നൽകണമെന്നുമാണ് വാദം. ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണിയിലേക്ക് വരുന്നത് ഘട്ടം ഘട്ടമായി നിരോധിക്കണമെന്നും അതിനൊപ്പം ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കേണ്ടതുണ്ടെന്നും വ്യാപാരികൾ പറയുന്നു. വിലക്ക് വരുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നെങ്കിലും പരിശോധനകളിലും പിഴ ഈടാക്കുന്നതിലും വലിയ വിഭാഗം വ്യാപാരികൾക്ക് എതിർപ്പുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിന് അനുകൂലമാണെങ്കിലും നിരോധനം നടപ്പിൽ വരുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് വാദം.
എന്നാൽ വിഷയത്തിൽ വ്യാപാരി പ്രതിനിധികൾക്ക് ഈ ആഴ്ച പ്രത്യേക ക്ളാസ് നൽകുമെന്ന്
ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. ഇതിന് ശേഷം പിഴയിലേയ്ക്ക് കടക്കും.
50000 രൂപ വരെ പിഴ.
നിയമലംഘനം നടത്തിയാൽ ആദ്യഘട്ടത്തിൽ 10000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപയും തുടർന്നാൽ 50000 രൂപയും പിഴ ഈടാക്കും. വീടുകളിലേക്ക് ഇത്തരം ഉത്പന്നങ്ങൾ എത്താതെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ തടയുക എന്ന ഉദ്ദേശ്യത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. കൊവിഡിന് മുൻപ് തന്നെ നിരോധനം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇളവ് നൽകുകയായിരുന്നു.
പള്ളിക്കത്തോട്ടെ വ്യാപാരി ജോജി പറയുന്നു.
അപ്രായോഗികമാണ് പ്ളാസ്റ്റിക് നിരോധനം. ഓരോ കടയിലും എത്തുന്നതിന് പകരം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ പ്രവർത്തനം അവസാനിപ്പിച്ചാൽ പോരെ.