വൈക്കം : വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവർക്കും തൊഴിൽ മേഖലയുടെ വികസനത്തിനും ആവശ്യമായ നിർദ്ദേശങ്ങളും നിയമനടപടികളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവത്ക്കരണവും സഹായങ്ങളും നൽകുന്നതിന് വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് പദ്ധതി ആവിക്ഷ്‌കരിച്ചു. സംരംഭകർക്ക് ലൈസൻസ്,വായ്പ സൗകര്യം,അപേക്ഷകൾ തയാറാക്കുന്ന സഹായം തുടങ്ങിയ സഹായങ്ങൾ നൽകുന്നതാണ് ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനങ്ങൾ. തിങ്കൾ,ബുധൻ ദിവസങ്ങളിലാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ സിന്ധു സജീവൻ , എസ്.ഹരിദാസൻ നായർ , ബി.ചന്ദ്രശേഖരൻ നായർ, ലേഖാ ശ്രീകുമാർ , പ്രീതാ രാജേഷ് , മുൻസിപ്പൽ സെക്രട്ടറി ഒ.വി മായ, സൂപ്രണ്ട് ബി.സുധൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി അജിത് , വ്യവസായ വകുപ്പ് ഓഫീസർ മായാ ഗോപാൽ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് 8281894150, 9447965518 ബന്ധപ്പെടുക.