പാലാ: ഈ കാട് ഞങ്ങൾ തെളിക്കും....,വാക്കത്തിയും അരിവാളും തൂമ്പയുമായി നഗരസഭാ പ്രതിപക്ഷം പാലാ മൃഗാശുപത്രി വളപ്പിലിറങ്ങി. ഒരു മണിക്കൂർ കൊണ്ട് മൃഗാശുപത്രി വളപ്പിലെ വലിയൊരു ഭാഗത്തെ കാട് ക്ലീൻ ! പാലാ മൃഗാശുപത്രി വളപ്പിൽ കാട് നിറഞ്ഞ് കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ ആശുപത്രി വളപ്പ് ശുചീകരിക്കാൻ കനത്തമഴയെ അവഗണിച്ചും രംഗത്തിറങ്ങിയത്.

മൃഗാശുപത്രി വളപ്പിലെ കാട് നീക്കാൻ നഗരസഭ ആരോഗ്യവിഭാഗം അധികാരികൾ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഈ കാട് തെളിക്കൽ സമരം നടത്തിയതെന്ന് പ്രൊഫ. സതീശ് ചൊള്ളാനി, കൗൺസിലർമാരായാ വി.സി. പ്രിൻസ്, സിജി ടോണി തോട്ടത്തിൽ, ലിജി ബിജു, മായാ രാഹുൽ എന്നിവർ പറഞ്ഞു. ദിവസേന ധാരാളം കർഷകർ നിരവധി ആവശ്യങ്ങൾക്കായി എത്തുന്ന പാലാ മൃഗാശുപത്രിയുടെ പരിസരം മുഴുവൻ കാടുകയറി കിടക്കുകയാണ്. കാടും പടലും നിറഞ്ഞ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. അധികൃതർ മൃഗാശുപത്രിയെ അവഗണിക്കുന്നതിൽ കർഷകരിൽ നിന്ന് കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.