പാലാ: മൂന്നാനി തോട്ടത്തിൽകടവ് റോഡിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൊതു ടോയ്‌ലറ്റ് തിടുക്കപ്പെട്ട് പൊളിച്ച് മാറ്റിയതിൽ പ്രതിഷേധ സമരം ഉയർന്നപ്പോൾ മണിക്കൂറുകൾക്കുള്ളിൽ താത്ക്കാലിക പരിഹാരവുമായി പാലാ നഗരസഭ അധികൃതർ പുതിയ ടോയ്‌ലറ്റ് സ്ഥാപിച്ചു. പഴയ ടോയ്‌ലറ്റ് പൊളിച്ചിട്ട് ഒന്നരമാസം പിന്നിട്ടുവെന്നും പുതിയ ടോയ്‌ലറ്റിന്റെ നിർമ്മാണ നടപടികൾ ഇഴയുകയാണെന്നും ആരോപിച്ചാണ് മൂന്നാനി, കൊച്ചിടപ്പാടി വാർഡുകളിലെ കൗൺസിലർമാരായ ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ രാവിലെ സമരം നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് പ്രൊഫ. ജോസഫ് മൂലയിലിന്റെ കാലഘട്ടത്തിലാണ് മൂന്നാനിയിൽ പൊതു ടോയ്‌ലറ്റ് സ്ഥാപിച്ചത്. നിലവിൽ മൂന്നാനിയിലെ ടോയ്‌ലറ്റിനോട് ചേർന്ന വിശാലമായ ഗ്രൗണ്ടിലാണ് പാലാ ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ വാഹന ടെസ്റ്റിംഗ് നടത്തുന്നത്. ദിനം പ്രതി വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനത്തിനായും ടെസ്റ്റിനായും മൂന്നാനിയിലെ ഗ്രൗണ്ടിൽ എത്തുന്നത്.

ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക കൃത്യത്തിനായി ആശ്രയിച്ചിരുന്ന പൊതു ടോയ്‌ലറ്റ് ചെയർമാൻ നൽകിയ മുൻകൂർ അനുമതി പ്രകാരം തിടുക്കപ്പെട്ട് പൊളിച്ച് മാറ്റുകയായിരുന്നുവെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. സമരത്തിന് കൗൺസിലർമാർക്കൊപ്പം രാജപ്പൻ മുടപ്പനാൽ, ജയമ്മ അപ്രേം വടക്കേചാരം തൊട്ടിയിൽ, ഷിന്റോ പാലത്താനത്ത് പടവിൽ, ബിജു വരിക്കാനി, സന്തോഷ് പുളിക്കൽ, മണി നെല്ലുവേലിൽ, തങ്കച്ചൻ മനയാനി, ബിന്ദു വട്ടമറ്റത്തിൽ, ദേവസ്യാ അമ്മിയാനിക്കൽ, മിനി തേക്കുംകാട്ടിൽ, റോയി ഉപ്പുമാക്കൽ, ജോയി കളപ്പുരയിൽ എന്നിവർ നേതൃത്വം നൽകി. സമരം നടത്തി മൂന്ന് മണിക്കൂറിനുള്ളിൽ ഇവിടെ മോഡുലാർ ടോയ്‌ലറ്റ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലെത്തിയ ഭരണപക്ഷ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ സ്ഥാപിച്ചു.

ഇത് സമരാഭാസം

പുതിയ ടോയ്‌ലറ്റ് സ്ഥാപിക്കുമെന്ന് മനസിലാക്കിയാണ് രണ്ട് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തിയതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കുറ്റപ്പെടുത്തി. സമരത്തെ തുടർന്നാണ് ടോയ്‌ലറ്റ് സ്ഥാപിക്കുന്നതെന്ന് പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിച്ചതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.