വൈക്കം : വൈക്കം കായലോര ബീച്ചിന്റെ 6 ഏക്കർ 30 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വൈക്കം നഗരസഭയ്ക്ക് സ്വന്തമായി.
1988 ൽ അന്ന് റവന്യൂ മന്ത്രിയായിരുന്ന അന്തരിച്ച സി.പി.ഐ നേതാവ് പി.എസ് ശ്രീനിവാസനാണ് 6 ഏക്കർ 30 സെന്റ് സ്ഥലം വൈക്കം നഗരസഭയ്ക്ക് പതിച്ചു നൽകിയത്. പിന്നീട് അഡ്വ.പി.കെ.ഹരികുമാർ ചെയർമാനായിരുന്നപ്പോൾ തീരദേശപാതയ്ക്ക് വേണ്ടി കായലിൽ നിന്നെടുത്ത മണ്ണുപയോഗിച്ച് നികത്തി ബീച്ച് നിർമ്മിച്ചു. കഴിഞ്ഞ കൗൺസിലിൽ എൻ.അനിൽ ബിശ്വാസ് ചെയർമാനായ കാലത്ത് ഇവിടെ നടപ്പാതയും ഇരിപ്പിടങ്ങളും ലൈറ്റും റേഡിയോയുമെല്ലാം സ്ഥാപിച്ച് ബീച്ച് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. എന്നാൽ അടുത്തകാലത്ത് ബീച്ച് പോക്കുവരവ് ചെയ്തിട്ടില്ല എന്ന കാരണം കാണിച്ച് സ്ഥലം തിരിച്ചെടുക്കാൻ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് നീക്കം നടന്നിരുന്നു. നിലവിലെ നഗരസഭാ ഭരണസമിതി നിരന്തരമായ നിയമപോരാട്ടം നടത്തിയാണ് ഇപ്പോൾ സ്ഥലം നഗരസഭയുടെ പേരിൽ സ്വന്തമാക്കിയത്. നഗരസഭ ഭരണസമിതി സ്ഥലം നഗരസഭയുടെ പേരിലാക്കാനുള്ള നടപടിക്കായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കായലോര ബീച്ചിന്റെ രേഖകൾ സമർപ്പിച്ചു. കോടതി പ്രശ്‌നപരിഹാരത്തിനായി കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കളക്ടറുടെ ഇടപെടലിനെ തുടർന്ന് പോക്കുവരവ് നടത്തി കരം അടയ്ക്കാനും നടപടിയായിരുന്നു.
പോക്കുവരവ് നടത്തി കരമടച്ചു
ഇന്നലെ വൈക്കം വില്ലേജ് ഓഫീസിൽ നഗരസഭയുടെ പേരിൽ പോക്കുവരവ് നടത്തി കരമടച്ചു.കരമടച്ചതിന്റെ രേഖ വില്ലേജ് ഓഫീസർ എസ്.പി. സുമോദ് ചെയർപേഴ്‌സൺ രേണുക രതീഷിന് കൈമാറി. യു.ഡി.എഫ് ധാരണ പ്രകാരം രേണുക രതീഷ് നഗരസഭ അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന ദിവസമായിരുന്നു ഇന്നലെ. കൈമാറ്റ ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി സുഭാഷ്, സെക്രട്ടറി ഇൻ ചാർജ് ഒ.വി മായ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, കൗൺസിലർമാരായ ബിന്ദു ഷാജി, കെ.പി സതീശൻ, ബി രാജശേഖരൻ,വില്ലേജ് ഉദ്ദ്യോഗസ്ഥൻ രാംദാസ് എന്നിവർ പങ്കെടുത്തു.