kappa

പൊൻകുന്നം . കഴിഞ്ഞ വർഷം കർഷകരെ കണ്ണീര് കുടിപ്പിച്ച കപ്പയ്ക്ക് ഇന്ന് പൊന്നിന്റെ തിളക്കം. 40 മുതൽ 50 രൂപ വരെയാണ് ഒരു കിലോ കപ്പയ്ക്ക് വിപണിവില. 30 രൂപയിലേറെ കർഷകനും ലഭിക്കുന്നു. കഴിഞ്ഞ വർഷം വെറുതെ കൊടുത്താൽപോലും ആർക്കും വേണ്ടാതിരുന്ന പച്ചക്കപ്പയാണ് ഇന്ന് വിപണിയിലെ താരമായി മാറിയത്. കിലോയ്ക്ക് 7 രൂപയായിരുന്നു കഴിഞ്ഞവർഷത്തെ വില. എന്നിട്ടും ആർക്കും വേണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പഞ്ചായത്തും സന്നദ്ധസംഘടനകളും കർഷകരിൽനിന്ന് സംഭാവനയായി സ്വീകരിച്ച് പച്ചക്കപ്പ കിറ്റുകളായി വീടുകളിൽ എത്തിച്ചായിരുന്നു വിതരണം. മുൻവർഷങ്ങളിൽ കപ്പവില ഉയർന്നതുകണ്ട് കർഷകർ വ്യാപകമായി കപ്പകൃഷിയിലേക്ക് തിരിഞ്ഞതായിരുന്നു കഴിഞ്ഞ വർഷത്തെ വിലയിടിവിന് ഒരു കാരണം.

കാലവർഷത്തിനു മുമ്പ് അപ്രതീക്ഷിതമായി എത്തിയ പെരുമഴയും കപ്പ കഷകരെ കഷ്ടത്തിലാക്കി. കൊവിഡ് കാലത്ത് വെറുതെ വീട്ടിലിരുന്നവരൊക്കെ വീട്ടുമുറ്റത്തും പരിസരത്തും കപ്പ നട്ട് കൃഷി തുടങ്ങിയതിനാൽ മിക്ക വീടികളിലും സ്വന്തം ആവശ്യത്തിനുള്ള കപ്പ ലഭിച്ചതും വിപണി വില ഇടിയാൻ കാരണമായി. എന്നാൽ ഈ വർഷം അത്തരം പ്രതിസന്ധികളൊന്നുമില്ലാതെ കപ്പ മുന്നേറുകയാണ്. കഴിഞ്ഞ വർഷം കപ്പ കൃഷി ചെയ്ത് കൈപൊള്ളിയവരൊക്കെ കപ്പയെ കൈവെടിഞ്ഞതിനാൽ ഇപ്പോൾ നാടൻകപ്പ കിട്ടാനില്ല. സ്ഥിരമായി പച്ചക്കപ്പ വിറ്റിരുന്ന കടകളിലൊക്കെ ഇപ്പോൾ അപൂർവ്വമായാണ് കപ്പ ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മറ്റുമാണ് ഈ കിട്ടാക്കനി എത്തുന്നത്.

കർഷകർക്ക് പ്രചോദനം.

മൂന്നു മാസമായി കപ്പയ്ക്ക് വില വർദ്ധിക്കാൻ തുടങ്ങിയിട്ട്. നേരത്തെ 15 രൂപ വരെ ഇടിഞ്ഞിരുന്നു. 5 വർഷത്തിനിടെ കപ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്നവിലയാണിപ്പോഴുള്ളത്. ജില്ലയിൽ പലയിടത്തും കപ്പ നട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ഇത് മൂപ്പെത്തിയാൽ മാത്രമേ വിപണിയിലേക്ക് കൂടുതൽ കപ്പ എത്തുകയുള്ളൂ. ഉത്പാദനം കുറഞ്ഞുനിൽക്കുന്ന സമയമായതുകൊണ്ട് നാമമാത്രമായ കർഷകർക്കേ വില വർദ്ധനവിന്റെ ഗുണം ലഭിക്കുന്നുള്ളൂ. എന്നാൽ വില ഉയരുന്നത് കർഷകർക്ക് പ്രചോദനമാണ്. പിന്തിരിഞ്ഞു നിൽക്കുന്ന കർഷകരെ വീണ്ടും കപ്പകൃഷിയിലേക്ക് ഇറങ്ങാൻ ഇത് പ്രേരിപ്പിക്കും.

പച്ചക്കപ്പ 40 രൂപ.

ഉണക്ക 80 രൂപ.