
പാലാ . ഇത് വല്ലാത്ത ചതിയായി പോയല്ലോ ജില്ലാ പഞ്ചായത്ത് അധികൃതരേ. മിടുക്കരായ കുട്ടികളെ അപമാനിക്കാനാണോ ഈ അഭിനന്ദനപത്രം നൽകിയത്. പേരുപോലും എഴുതാത്ത സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിച്ചിട്ട് കുട്ടികൾക്ക് എന്ത് പ്രയോജനം. കഴിഞ്ഞ ദിവസം ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോട്ടയത്ത് വിളിച്ചുവരുത്തി ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത സർട്ടഫിക്കറ്റിൽ കുട്ടികളുടെ പേപ് പോട്ടെ സ്‌കൂളിന്റെ പേര് പോലുമില്ല. കോട്ടയം എം ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ അനുമോദന സമ്മേളനത്തിൽ മന്ത്രിയും, എം എൽ എയുമൊക്കെ വിശിഷ്ടാതിഥികളായി ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആയിരുന്നു അദ്ധ്യക്ഷ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെയും ലോജിക് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ഡയറക്ടറുടെയും ഒപ്പ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി വിദ്യർത്ഥികൾ മടങ്ങി. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിലേക്ക് അയച്ച സർക്കുലർ പ്രകാരമാണ് എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്.
ആ മൂലയിൽ ഇരിപ്പുണ്ട്, എടുത്തോണ്ട് പൊയ്ക്കോ.
സമ്മേളന സ്ഥലത്ത് ഒരു മൂലയിൽ സർട്ടിഫിക്കറ്റുകൾ കൂട്ടിവച്ചശേഷം വിദ്യാർത്ഥികളോട് അതിലോരോന്ന് എടുത്തുകൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ലഭിച്ച ഒരു കുട്ടിയുടെ രക്ഷകർത്താവ് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് മാതാപിതാക്കൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറയുന്നത്.
മിക്ക കുട്ടികളുടെയും സർട്ടിഫിക്കറ്റുകളിൽ പേര് എഴുതിയിരുന്നു. പേര് എഴുതാത്ത കുറച്ചു സർട്ടിഫിക്കറ്റുകൾ ഇതിനടുത്തും വച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ എടുത്തു കൊടുത്തവർക്ക് മാറിപ്പോയതാണ് പ്രശ്നം. പേരെഴുതാതെ സർട്ടിഫിക്കറ്റ് സ്വീകരിച്ച മുഴുവൻ കുട്ടികൾക്കും പേരെഴുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യും.