കോട്ടയം: സ്‌കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ് എൽ.കെ.ജി വിദ്യാർത്ഥിക്ക് പരിക്ക്. കടുത്തുരുത്തി കൈയ്യാലയ്ക്കൽ അനിൽ അരവിന്ദാഷന്റെ മകൻ അദ്വൈത് (മൂന്നര) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം കടുത്തുരുത്തി പെരുവ റോഡിൽ മങ്ങാട് ഷാപ്പുംപടി ഭാഗത്താണ് അപകടം. കെ.എസ് പുരം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയാണ്. ഓടുന്നതിനിടെ സ്‌കൂൾ ബസിന്റെ എമർജൻസി വാതിൽ തനിയെ തുറന്ന് പോയതോടെ പുറത്തേക്ക് തെറിച്ചപോയ കുട്ടി ബസിന്റെ കമ്പിയിൽ തൂങ്ങിക്കിടന്നതിന് ശേഷമാണ് റോഡിലേക്ക് വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസിന് പിന്നാലെയെത്തിയ കാർ ഡ്രൈവർ ഹോൺ മുഴക്കിയാണ് ബസ് ജീവനക്കാരെ അപകടവിവരമറിയിച്ചത്. റോഡിൽ വീണ കുട്ടിയ ഉടൻതന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ ഇറക്കിയ ശേഷം ബസ് മുന്നോട്ട് എടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നും പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയുടെ കൈ തട്ടിയാവാം എമർജൻസി വാതിൽ തുറക്കാൻ കാരണമെന്ന് കരുതുന്നതായി സ്‌കൂൾ പ്രൻസിപ്പൽ കെ.എസ് രാജു പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്ന് എസ്.ഐ വിപിൻ ചന്ദ്രൻ പറഞ്ഞു.