പാലാ: ഞൊണ്ടിമാക്കൽ തോണിക്കുഴിപ്പറമ്പിൽ സോണിയായുടെ വീട്ടിലേക്ക് തട്ടുകടയിൽ നിന്നും മലിനജലം ഒഴുക്കിയ സംഭവത്തിൽ സത്വര നടപടിക്ക് നഗരസഭ നീക്കം ആരംഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. ഇതു സംബന്ധിച്ച് ചെയർമാന്റെയും ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെയും നേതൃത്വത്തിൽ ഇന്നലെ ഉദ്യോഗസ്ഥ തലത്തിലുള്ള അടിയന്തിരയോഗം ചേർന്നിരുന്നു.
യോഗത്തിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നീനാ ജോർജ് ചെറുവള്ളി, സെക്രട്ടറി ജൂഹി മരിയ ടോം, എച്ച്.എസ് സതീഷ്, എച്ച്.ഐ. വിശ്വം, ജെഎച്ച്.ഐമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെത്തന്നെ നഗരസഭ സെക്രട്ടറി വിഷയം മലിനീകരണ നിയന്ത്രണ ബോർഡിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും ചെയർമാൻ പറഞ്ഞു.
തട്ടുകടയ്ക്ക് ലൈസൻസില്ല
തട്ടുകട അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്നും നഗരസഭയിൽ നിന്നും ലൈസൻസ് നൽകിയിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. തട്ടുകടയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ കട ഉടമ കോടതിയെ സമീപിച്ച് നഗരസഭ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ മനുഷ്യവകാശ കമ്മീഷനിലും നഗരസഭ വിശദീകരണം നൽകി. ട്രൈബ്യൂണൽ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ നഗരസഭ അപ്പീൽ നൽകുമെന്നും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.