
കോട്ടയം. പ്ലാസ്റ്റിക് നിരോധിച്ച് ആഴ്ച ഒന്നായിട്ടും ബദൽ സംവിധാനമാകാത്തതിനാൽ നാട്ടുകാർ വലയുന്നു. പ്ലാസ്റ്റിക്കിന് പകരമുള്ള തുണി സഞ്ചിക്കാണെങ്കിൽ കച്ചവടക്കാർ അമിത വില ഈടാക്കുകയുമാണ്. തുണി സഞ്ചിയുമായി കടയിൽ പോകാൻ മടിച്ചു നിൽക്കുകയാണ് പുതുതലമുറ.
കാറ്റു കടന്നാൽ ചീത്തയാകുന്ന തരം ഉത്പന്നങ്ങൾക്ക് തുണി സഞ്ചി, പേപ്പർ ബാഗുകൾ തുടങ്ങിയവ അനുയോജ്യമല്ല. ദോശമാവ്, പപ്പടം, അരിപ്പൊടി, തൈര്, ഉണക്കമീൻ, ബ്രഡ്, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവ വീടുകളിലും ചെറുകമ്പനികളിലും നിർമിച്ച് വിൽപ്പന നടത്തുന്ന നിരവധി പേരുണ്ട്. ചെറിയ മുതൽമുടക്കിൽ ജീവിതം പടുത്തുയർത്താൻ ശ്രമിക്കുന്ന ഇക്കൂട്ടർക്ക് ബദൽ സംവിധാനങ്ങളില്ലാത്തത് വെല്ലുവിളിയാണ്.
മത്സ്യ- ഇറച്ചി മാർക്കറ്റുകൾ പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ടിലായി. മത്സ്യവും മാംസവും തുണി സഞ്ചികളിൽ നൽകാനോ വാങ്ങാനോ കഴിയില്ല. ഇവ പേപ്പറിൽ പൊതിഞ്ഞ് സഞ്ചരിക്കാനുമാകില്ല.
സ്വന്തം പായ്‌ക്കറ്റുകൾ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണെങ്കിലും ബ്രാൻഡഡ് കമ്പനികളെ നിരോധനത്തിൽ നിന്നൊഴിവാക്കിയത് വിവേചനമാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ ഇവർ ഇ.പി.ആർ പ്ലാൻ പ്രകാരമുള്ള തുക അടയ്‌ക്കണമെന്നും വ്യവസ്ഥയിലുണ്ട്.
ബയോ ഡീഗ്രേഡബിൾ പ്ലാസ്‌റ്രിക്.
നിരോധനം നിലവിൽ വന്നത് മുതൽ പ്ലാസ്‌റ്രിക്കിന് ബദലായി പറഞ്ഞുകേൾക്കുന്ന പേരാണ് ബയോ ഡീഗ്രേഡബിൾ പ്ലാസ്‌റ്രിക്. ജൈവവസ്തുക്കളിൽ നിന്ന് നിർമിക്കുന്നതാണിവ. നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തു സ്റ്റാർച്ചാണ്. ചോളം, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായവയാണ് ഇതിനാവശ്യം. നിലവിലെ ആവശ്യത്തിന് അനുസരിച്ചുള്ള ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ രാജ്യത്തില്ല. ഇറക്കുമതി ചെയ്ത് നിർമ്മിച്ചാൽ വിലയും കൂടും. നിലവിലെ പ്ളാസ്‌റ്റിക് നിർമാണ യൂണിറ്റുകളിലെ മെഷീനുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇത് അധിക ബാദ്ധ്യതയാണെന്ന് നിർമാതാക്കൾ പറയുന്നു.
തുണി സഞ്ചിക്ക് ഈടാക്കുന്നത് 20 മുതൽ 40 രൂപ വരെ.
കാറ്റു കടന്നാൽ ചീത്തയാകുന്നവ സൂക്ഷിക്കാൻ മാർഗമില്ല.
മത്സ്യവും മാംസവും തുണി സഞ്ചികളിൽ നൽകാനാവില്ല.
പലചരക്ക് വ്യാപാരി മുഹമ്മദ് കുഞ്ഞ് പറയുന്നു.
ഒരു കിലോ നിരോധിത പ്ലാസ്റ്റിക് ബാഗിന് 100രൂപയിൽ താഴെയായിരുന്നു വില. ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കിന് കിലോയ്ക്ക് 300 രൂപ നൽകണം. അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കുകയേ മാർഗമുള്ളൂ.