
മുണ്ടക്കയം. അടുത്ത തലമുറക്കെങ്കിലും പട്ടയം ലഭിക്കുമോ?. ഉടൻ ഉടൻ എന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും നടപടികളൊന്നും മുന്നോട്ടു നീങ്ങുന്നില്ല. കാഞ്ഞിരപ്പള്ളി താലൂക്കിൽ കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളുടെ എണ്ണം നാലായിരത്തോളം വരും.
ഒരിക്കൽ കിട്ടിയ പട്ടയം റദ്ദായതാണ് പമ്പാവാലിക്കാരുടെ പ്രശ്നം. കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ നാട്ടുകാർക്ക് വനംവകുപ്പിന്റെ എതിർപ്പാണ് തടസം. അതേസമയം, എരുമേലിയിലെ ഇരുമ്പൂന്നിക്കര, തുമരംപാറ പ്രദേശങ്ങളിൽ റവന്യു - വനം വകുപ്പുകളുടെ രേഖയിലെ ഒരു പദമാണ്. ഹിൽമെന്റ് സെറ്റിൽമെന്റ് എന്ന ഈ പദം രേഖകളിൽനിന്നു നീക്കം ചെയ്യാതെ പട്ടയം അനുവദിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ കുരുക്കുകളൊന്നും അഴിക്കാൻ സർക്കാർ തലത്തിൽ നടപടികളൊന്നുമുണ്ടാകുന്നുമില്ല.
2019ൽ വനം മന്ത്രി എരുമേലിയിൽ നടത്തിയ അദാലത്തിലും പ്രഖ്യാപനങ്ങളുണ്ടായി. എന്നാൽ, നടപടിയുണ്ടായില്ല. കഴിഞ്ഞയിടെ പുഞ്ചവയൽ കേന്ദ്രീകരിച്ച് ജനം സമരം ആരംഭിച്ചതോടെ വീണ്ടും പ്രഖ്യാപനം വന്നു. പട്ടയ നടപടിക്കു വേഗം കൂട്ടാൻ സ്പെഷൽ ഓഫീസ് തുറക്കും!. എന്നാൽ കാര്യമായ നീക്കമുണ്ടായില്ല.
പ്രളയം, കൊവിഡ് എന്നിവയുടെ പേരിൽ നടപടികൾ പൂർണമായും നിലച്ച മട്ടാണ്. ഇതിനിടെ, പമ്പാവാലി പട്ടയങ്ങൾക്ക് കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ, സർവേ തുടങ്ങിയതല്ലാതെ കാര്യങ്ങൾ മുന്നോട്ടുപോയിട്ടില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ ഇവിടേക്കു നിയമിക്കുകയും താത്കാലിക ഓഫീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ സർവേയുമില്ല, ജീവനക്കാരുമില്ല, ഓഫീസുമില്ലെന്ന സ്ഥിതിയിലാണ്.
വനം വകുപ്പിൽനിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ കോരുത്തോട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പട്ടയ അപേക്ഷകളിൽ മിക്കതിനും തീർപ്പാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, നടപടിക്രമം നീളുകയാണ്.
എന്നാൽ, സർക്കാർ തലത്തിൽ ഉത്തരവാകാതെ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കർഷക കുടുംബങ്ങൾ.
സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയിൽ നേരിട്ട ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ ആവിഷ്കരിച്ച ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി പമ്പാവാലിയിൽ സർക്കാർ എത്തിച്ച കർഷകരുടെ കുടുംബങ്ങളാണ് പട്ടയം കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്. സമീപ പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ കുടിയേറി പാർത്ത നൂറുകണക്കിനു കുടുംബങ്ങൾക്കും പട്ടയം ലഭിച്ചിട്ടില്ല.
പട്ടയ അപേക്ഷകളുടെ എണ്ണം 4000.
പൊതുപ്രവർത്തകനായ നാരായണൻ പറയുന്നു.
പട്ടയ നടപടികൾക്കായി പ്രത്യേകമായി ഓഫീസ് അനുവദിക്കുകയും ആവശ്യമായ ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം നടപ്പിലായാൽ അപേക്ഷകളിൽ വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.