ഏറ്റുമാനൂർ : ഏറ്റുമാനൂർ മേഖലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ ന്യായവിലയ്ക്കെടുത്ത് വിപണം നടത്തുന്ന കേന്ദ്രം അടച്ചുപൂട്ടാനുള്ള ഏറ്റുമാനൂർ നഗരസഭാ തീരുമാനത്തിൽ വ്യാപക പ്രതിഷേധം. കർഷകരുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും നടത്തി.

വെജിറ്റബിൾ ആന്റ് ഫ്രൂട്‌സ് പ്രാെമോഷൻ കൗൺസിൽ കേരളം എന്ന വി.എഫ്. പി.സി.കെ എന്ന സ്വാശ്രയ സംഘത്തിന്റെ ശാഖയാണ് അടച്ചുപൂട്ടാൻ നഗരസഭ തീരുമാനിച്ചത്. 2005 ൽ ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു ലക്ഷം രൂപയും വി.എഫ്. പി.സി.കെ വിഹിതവും ഉൾപ്പെടുത്തി നിർമ്മിച്ചതാണ് സ്വാശ്രയ കാർഷിക ഉത്പന്ന വിപണനകേന്ദ്രം. നഗരസഭയും വി.എഫ്. പി.സി.കെയും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് വാടക രഹിതമായിട്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്രം അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് കർഷകർ നഗരസഭയ്ക്ക് നിവേദനവും നൽകിയിരുന്നു. നഗരസഭ തീരുമാനത്തിനെതിരെ കർഷകർ കോടതിയിൽ നിന്നും താത്കാലിക സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. കർഷകർ നടത്തിയ ധർണ്ണ നഗരസഭ പ്രതിപക്ഷനേതാവ് ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി സുകുമാരൻ ,എം.എസ് ചന്ദ്രൻ , ജോണി വർഗ്ഗീസ്, ജോസ് ഇടവഴിക്കൻ എന്നിവർ പ്രസംഗിച്ചു.