
കോട്ടയം. മലയാളിയുടെ തീൻമേശയിലെ രുചിക്കൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന നെയ്മത്തി അപ്രത്യക്ഷമാവുന്നു. പകരം രുചിയില്ലാത്ത മുള്ളൻ മത്തിയാണ് കൂടുതൽ ലഭ്യമാവുന്നത്.
നെയ്മത്തി ഉദ്പാദനത്തിൽ 75 ശതമാനത്തോളം കുറവുണ്ടായെന്നാണ് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് . അയല, കറുത്ത ആവോലി, ചുണ്ണാമ്പുവാള എന്നിവയുടെ ഉദ്പാദനവും വലിയ തോതിൽ കുറഞ്ഞു. നാടൻ മത്തിയുടെ സ്ഥാനം മുള്ളുള്ളതും തൊലി പൊളിയുന്നതുമായ വരവ് മത്തി കൈയ്യടക്കി.
തീരക്കടലിലും ആഴക്കടലിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപവർദ്ധനയെ തുടർന്ന് ചൂട് കുറവുള്ള ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും ബംഗാൾ ഉൾക്കടലിലേക്കും ഇവ പലായനം ചെയ്തുവെന്നാണ് സഞ്ചാരപാത നീരീക്ഷിച്ചുള്ള വിലയിരുത്തൽ.
രണ്ടു വർഷം മുമ്പ് 5.55 ലക്ഷം ടൺ മത്സ്യം ലഭിച്ചിരുന്നു. ഇതിൽ 65,326 ടണ്ണും നെയ് മത്തിയായിരുന്നു. 56029 ടൺ അയലയും 39435 ടൺ ചുണ്ണാമ്പുവാളയും കിട്ടി. ഇവ 75 ശതമാനം കുറഞ്ഞുവെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഈ കുറവ് മത്സ്യമേഖലയുടെ സമ്പദ് ഘടനയെയും തൊഴിലാളികളുടെ ജീവിത നിലവാരത്തെയും സാരമായി ബാധിച്ചു. നെത്തോലി, ആനച്ചൂട, ചെമ്മീൻ , കണവ എന്നിവയുടെ ഉദ്പാദനം വർദ്ധിച്ചു.
കറുത്ത ആവോലിക്കു പകരം വെളുത്ത ആവോലി വർദ്ധിച്ചു. ഇതു കടലിൽ നിന്നുള്ളതല്ല. ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ കരിങ്കൽ ക്വാറികളിലെ വെള്ളക്കെട്ടിൽ വളർത്തുന്നവയാണ് . ഇവയാണ് വിപണിയിൽ ഉള്ളത്.
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് സർക്കാരിന്റെ ട്രോളിംഗ് നിരോധനമെങ്കിലും ഇത് ലംഘിച്ചുള്ള മീൻപിടിത്തം വഴി മത്സ്യകുഞ്ഞുങ്ങൾ വൻതോതിൽ ചത്തൊടുങ്ങുന്നു. ഉദ്പാദന കുറവിന് പ്രധാന കാരണമാണ്.
നെയ് മത്തി കിലോ 300 രൂപ.
മംഗലാപുരം മത്തി 260രൂപ.
വലിയ ഒമാൻ മത്തി 180 രൂപ.
കേന്ദ്ര സമുദ്രോത്പ്പന്ന കേന്ദ്രം ഗവേഷക ഡോ.എൻ.അശ്വതി പറയുന്നു.
2014ൽ 608 കോടി രൂപ വിലവരുന്ന നെയ്മത്തി ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 30 കോടിയുടേതായി കുത്തനെ താണു.