poli

കോട്ടയം. താനുമായുള്ള വഴിവിട്ട ബന്ധം പുറത്തുപറയാതിരിക്കാൻ ഡിവൈ.എസ്.പി ശ്രീകുമാർ വെസ്റ്റ് സ്റ്റേഷൻ ലോക്കപ്പിൽ കയറി ഗുണ്ടാനേതാവ് അരുൺ ഗോപനെ ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും തെളിവാകും. നടപടി ഉറപ്പായതോടെ സി.പി.എം നേതൃത്വം വഴി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ സ്വാധീനിക്കാനുള്ള ശ്രമവും ഊർജിതമായി. അതേസമയം ശ്രീകുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിന് ഒരുങ്ങുകയാണ്.

അരുൺ ഗോപനുമായി ശ്രീകുമാറിന് വഴിവിട്ട ഇടപാടുകളുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുന്നേയാണ് റിപ്പോർട്ട് ദക്ഷിണ മേഖലാ ഐ.ജിക്ക് സമർപ്പിച്ചത്. വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നതിന് മുന്നേ, തനിക്കെതിരെയുള്ള നടപടി ഒഴിവാക്കാനുള്ള ശ്രമവും ശ്രീകുമാർ ആരംഭിച്ചിരുന്നു. ജില്ലയിലെ ചില ഭരണകക്ഷി പ്രമുഖർ ദൂതൻമാരായി. ഇവരിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ കണ്ടു. ഇതോടെയാണ് ശ്രീകുമാറിനെതിരായ നടപടി വൈകിച്ചത്. സാധാരണ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെഷൻ അടക്കമുള്ള നടപടികൾ ഉണ്ടാകാറുണ്ടെങ്കിലും വീണ്ടും സർക്കാർ അന്വേഷണം നടത്തുന്നത് ഈ സമ്മർദ്ദത്തിന്റെ ഫലമാണെന്നാണ് വിവരം. അതേസമയം ഇത്തരമൊരു നാറ്റക്കേസിൽ പാർട്ടി തലയിടുന്നത് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പിന് ഇടയാക്കുമെന്നും ആത്മഹത്യാപരമാണെന്നും ഒരു വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ശ്രീകുമാർ അന്ന് നൈറ്റ് ഡിവൈ.എസ്.പിയായിരുന്നെന്നും അങ്ങനെയുള്ളപ്പോൾ രാത്രിയിൽ ജില്ലയിലെ ഏത് സ്റ്റേഷനിലും പോകാമെന്നുമാണ് ശ്രീകുമാറിന്റെ രക്ഷകർ പ്രചരിപ്പിക്കുന്നത്. അങ്ങനയെുള്ളപ്പോഴും സെല്ലിൽ കയറി പ്രതികളെ ഭീഷണിപ്പെടുത്തിയതെന്തിനെന്ന ചോദ്യം നിലനിൽക്കും.

ശമ്പളം അക്കൗണ്ടിൽ, ചെലവിന് കിമ്പളം.

പ്രതികളെ പിടിക്കാൻ പോലും സ്വന്തം വണ്ടി ഉപയോഗിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്ന മാതൃകാ പൊലീസുകാർ ഒരുവശത്ത്. ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലുമെടുക്കാതെ ആർഭാട ജീവിതം നയിക്കുന്ന ക്രിമിനൽ മനസുള്ളവർ മറുവശത്ത്. ആദ്യതരക്കാരെ പരമാവധി പണികൊടുത്ത് ഒതുക്കും ഇക്കൂട്ടർ. ചിട്ടിയും ലോണും പെട്രോളും മദ്യവും അടക്കമുള്ള ചെലവുകളെല്ലാം ഗുണ്ടകൾ നടത്തും. വീട് പണിതുടങ്ങിയാൽ മണലും കട്ടയും സിമന്റും കമ്പിയുമൊക്കെ ഒരു ഫോൺ കോളിന്റെ മറവിൽ പണി സ്ഥലത്തെത്തും. ഗുണ്ടകളുടെ വിഹിതം നേരിട്ട് വാങ്ങാതെ മാസാമാസം ഇത്തരം ചെലവുകളിൽ വകകൊള്ളിക്കും. ഇങ്ങനെ നീളുന്നു കൈക്കൂലി 'കൈകൊണ്ടു തൊടാത്ത' ക്രിമിനൽ ബന്ധമുള്ള പൊലീസുകാരുടെ ലീലാ വിലാസങ്ങൾ.

പിടിച്ച കഞ്ചാവും പകുതിയാകും.

പിടിക്കുന്ന കഞ്ചാവിന്റെ പകുതിയേ കണക്കിൽ കാണിക്കൂ. ബാക്കി വിറ്റ് പണം എത്തിക്കാനും പൊലീസുകാർക്ക് ഗുണ്ടകളുണ്ട്. ആരും അറിഞ്ഞില്ലെങ്കിൽ ഉടലോടെ ഊരിയും കൊടുക്കും. കാപ്പ ചുമത്തി നാടുകടത്തുന്ന ഗുണ്ടകളും രാത്രിയിൽ കഞ്ചാവു കച്ചവടം തകൃതിയാക്കിയാലും പൊലീസുകാർ അറിയില്ല. തട്ടുകടകളും പെട്ടിക്കടകളും കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങൾക്കും കണ്ണടച്ച് ഒത്താശ ചെയ്യും. നാടുകടത്തപ്പെട്ട ഗുണ്ടാ നേതാവ് കെ.ഡി ജോമോൻ പൊലീസ് സ്റ്റേഷനിൽ യുവാവിനെ കൊന്ന് കൊണ്ടിട്ടതും പൊലീസുകാരുടെ പിടിപ്പുകേടിന്റെ ഫലമായിരുന്നു