കോട്ടയം : കോടികൾ മുടക്കി കോടിമതയിൽ നഗരസഭ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടം കാടുമൂടി നാശത്തിന്റെ വക്കിൽ. നഗരത്തിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന ഉണക്കമീൻ, പച്ചമീൻ മാർക്കറ്റ് പുതിയ സൗകര്യങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക മത്സ്യമാർക്കറ്റ് നിർമിച്ചത്. ഫിഷറീസ് വകുപ്പിന്റെ ഒന്നരകോടി രൂപ ചെലവഴിച്ച് 2015 ലായിരുന്നു നിർമ്മാണം തുടങ്ങിയത്.

2020 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എന്നാൽ പിന്നെ തുറന്നു പ്രവർത്തിച്ചിട്ടില്ല. വൈദ്യുതി, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെയില്ല. ഇതിന് നഗരസഭയാണ് അനുമതി നൽകേണ്ടത്. ഉടമസ്ഥാവകാശ രേഖകളും നഗരസഭ നൽകാൻ തയ്യാറാകുന്നില്ല. റോഡിലേക്ക് അഭിമുഖമായി വ്യാപാരികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കെട്ടിടം നിർമ്മിക്കാത്തതിനാൽ ഇവിടെ വ്യാപാരം നടത്താൻ മത്സ്യകച്ചവടക്കാരും തയ്യാറല്ല. കാട് വളർന്നുനിൽക്കുതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു. കെട്ടിടത്തിന് മുമ്പിൽ മലിനജലവും മത്സ്യവ്യാപാരത്തിന് ആവശ്യമായ ബോക്‌സുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച നിലയിലുമാണ്.

എന്തിന് പാഴാക്കി കോടികൾ

കെട്ടിടം റോഡിന് അഭിമുഖമാക്കി നിർമ്മിച്ചെങ്കിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂയെന്ന ആവശ്യമാണ് വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്. കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തിയെന്നല്ലാതെ നഗരസഭാ അധികൃതരും കെട്ടിടം സംരക്ഷിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.