വൈക്കം : വൈക്കം വലിയ കവലയ്ക്ക് സമീപത്തെ നഗരസഭയുടെ വ്യാപാര സമുച്ചയം ജീർണിച്ച് അപകടാവസ്ഥയിലായതിനാൽ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടിയന്തിരമായി പ്രവർത്തനം അവസാനിപ്പിച്ച് മുറികൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ നോട്ടീസ് നൽകി. വൈക്കം ജോയിന്റ് ആർ.ടി.ഒ ഓഫീസ്, മൽസ്യ ഫെഡ് കോട്ടയം ജില്ലാ ഓഫീസ്, ഡയഗ്‌നോസിസ് സെന്റർ, കമ്പ്യൂട്ടർ സെന്റർ തുടങ്ങി അഞ്ചോളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിട ഭാഗങ്ങൾ നിത്യേന അടർന്നു വീഴുന്നതിനെ തുടർന്ന് വൈക്കം എൽ.ഐ.ഡി ആന്റ് ഇഡബ്ല്യു സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പി.പ്രദീപ്, നഗരസഭ എൻജിനിയർ ബി.ജയകുമാർ , നഗരസഭ ഫസ്റ്റ് ഗ്രേഡ് ഓവർ സിയർ സി.ജെ.ജോർജ് എന്നിവർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.ജി.കിഷോറിന്റ സാന്നിദ്ധ്യത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാപാര സമുച്ചയത്തിന്റ അപകടസ്ഥിതി ബോദ്ധ്യപ്പെട്ടത്.
തുടർന്ന് നഗരസഭ കൗൺസിലർമാരും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും യോഗം ചേർന്ന് കെട്ടിടത്തിന്റ ശോച്യാവസ്ഥ വിലയിരുത്തി. വൈക്കം ജോയിന്റ് ആർ.ടി.ഒ ഓഫീസിന്റ പ്രവർത്തനം നഗരസഭ ടൗൺഹാളിലേക്ക് മാറ്റുന്നതിന് നഗരസഭ തീരുമാനിച്ചു. വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കെട്ടിടം ഒഴിഞ്ഞാലുടൻ പൊളിക്കാനായി ലേലം നടത്തും. തുടർന്ന് സർക്കാർ അംഗീകൃത ആർക്കിടെക്ട് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി രൂപരേഖ തീർക്കും. വലിയ കവലയിലെ വ്യാപാര സമുച്ചയത്തിനായി നഗരസഭ കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതി വിഭാവനം ചെയ്തിരുന്നു. പദ്ധതി തുകയ്ക്കു പുറമെ വേണ്ടി വരുന്ന തുകയ്ക്കായി നഗരസഭ വായ്പയെടുക്കുമെന്നും വൈസ് ചെയർമാൻ പി.ടി.സുഭാഷ് പറഞ്ഞു.
50 വർഷത്തെ പഴക്കം, എല്ലാം തുരുമ്പെടുത്തു
50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ വെളിയിൽ കാണാം. ആർ.ടി ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ ഡ്രോപ്പ് സ്ലാബ് ദ്റവിച്ച് കോൺക്രീറ്റ് പാളികളായി അടർന്നു വീണ് ജീപ്പിന് കേടുപാട് സംഭവിച്ചിരുന്നു. ഡ്രോപ്പ് ഷെയ്ഡ് പൂർണമായി ദ്റവിച്ച് ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. കെട്ടിടത്തിനുള്ളിലെ സീലിംഗ് അടർന്നുമാറി കമ്പികൾ പൂർണമായി തുരുമ്പെടുത്ത നിലയിലാണ്. കൂടാതെ ബീമുകൾക്കും പൊട്ടലുണ്ട്.