
അയ്മനം. അയ്മനം 20-ാം വാർഡിൽ ചീപ്പുകലിന് സമീപം കായൽത്തീരത്തെ പോസ്റ്റോഫീസ് ബോർഡ് കണ്ട് ചെന്നാൽ ആരും ഒരു നിമിഷം ശങ്കിക്കും. ഇത്രയും സുന്ദരമായ പോസ്റ്റ് ഓഫീസോയെന്ന്. അലങ്കാരച്ചെടികൾ വളർത്തി മനോഹരമാക്കിയ പോസ്റ്റ് ഓഫീസ് കാണാൻ വിനോദസഞ്ചാരികളും എത്തുന്നുണ്ട്.
അടുക്കും ചിട്ടയുമില്ലാതെ പൂപ്പലും പൊടിയും പിടിച്ച് കിടക്കുന്ന പതിവ് പോസ്റ്റ് ഓഫീസ് കാഴ്ചകൾക്ക് വിരുദ്ധമാണ് അയ്മനത്തെ ഈ ബ്രാഞ്ച് ഓഫീസ്. കായൽത്തീരത്തെ ചെറിയൊരു ഓഫീസ്. ഹാംഗിംഗ് പ്ളാന്റ്സും വൃത്തിയുള്ള മുറ്റവുമൊക്കെയായി ആരുമൊന്നു നോക്കും. കത്തിടപാട് നടത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇവിടെ എത്തുന്നത് ഓഫീസ് കാണാനാണ്. കായലിൽ ഹൗസ് ബോട്ടുകളുമുള്ളതിനാൽ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. പോസ്റ്റ് ഓഫീസിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയുമെടുത്ത് മടങ്ങും.
തുടങ്ങിയിട്ട് 7 വർഷം.
മുൻപ് മറ്റൊരു കെട്ടിടത്തിലായിരുന്ന പോസ്റ്റ് ഓഫീസ് ഏഴ് വർഷം മുന്നേയാണ് നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരുന്ന കോമളമാണ് വാടകയ്ക്ക് കെട്ടിടം നൽകിയത്. കാലക്രമേണ ഇവർ തന്നെയാണ് പൂച്ചെടികൾ നട്ടും ചായംപൂശിയും പരിസരം വൃത്തിയാക്കിയും ഓഫീസ് ആകർഷകമാക്കിയത്. ജീവനക്കാരെല്ലാം വനിതകളാണ്.