പാലാ : തട്ടുകടയിൽ നിന്നുള്ള മാലിന്യം വീട്ടിലേക്കും ജലസ്രോതസിലേക്കും ഒഴുകിയെത്തുന്നതിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയും ബന്ധുക്കളും നഗരസഭ പ്രതിപക്ഷ കൗൺസിലർമാരും ചേർന്ന് ഇന്നലെ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന് നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോം സമരക്കാരോട് സമ്മതിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഞൊണ്ടിമാക്കൽ തോണിക്കുഴിപ്പറമ്പിൽ സോണിയയും കുടുംബാംഗങ്ങളും പ്രതിപക്ഷ കൗൺസിലർമാരും ചേർന്ന് ഉപരോധ സമരം നടത്തിയത്. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും, കൗൺസിലർമാരായ വി.സി.പ്രിൻസും, മായ രാഹുലും, സിജി ടോണിയും, ലിജി ബിജുവും അറിയിച്ചു.

നഗരസഭ ചെയർമാനെ ഓഫീസിൽ ഉപരോധിക്കുന്നതിനാണ് സോണിയ അടക്കം എത്തിയെതെങ്കിലും അദ്ദേഹം ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് മുദ്രാവാക്യം വിളികളോടെ സെക്രട്ടറിയെ ഉപരോധിച്ചത്. തുടർന്ന് പാലാ എസ്.ഐ അഭിലാഷും സംഘവും സ്ഥലത്തെത്തി. തുടർന്ന് നടന്ന ചർച്ചയിൽ പത്തുദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.

ആദ്യം തട്ടിക്കയറി, പിന്നെ തണുത്തു

സോണിയയും കുടുംബാംഗങ്ങളും പ്രതിപക്ഷ കൗൺസിലർമാരും ചേർന്ന് മാലിന്യ പ്രശ്നം ആദ്യം ഉന്നയിച്ചപ്പോൾ സെക്രട്ടറി തട്ടിക്കയറി. തനിക്ക് വേറെ ജോലിയുണ്ടെന്നും ഇതിനിപ്പോൾ സമയമില്ലെന്നുമായിരുന്നു നിലപാട്. എന്നാൽ സമരക്കാരും പ്രതിപക്ഷാംഗങ്ങളും ചുറ്റും വളഞ്ഞതോടെ

നിലപാട് മയപ്പെടുത്തി. പൊലീസ് സ്ഥലത്ത് എത്തിയതോടെ ആശ്വാസമായി.


പൊല്യൂഷൻ കൺട്രോൾ ബോർഡിന് കത്തയച്ചത് ദുരൂഹം

വർഷങ്ങളായി ലൈസൻസില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന തട്ടുകടയിൽ നിന്ന് മാലിന്യം സോണിയയുടെ വീട്ടിലേക്ക് ഒഴുകിയിട്ടും നടപടി എടുക്കാതെ വിഷയം പൊല്യൂഷൻ കൺട്രോൾ ബോർഡിനെ ഏൽപ്പിച്ചത് കുടുംബത്തെ സഹായിക്കാനല്ലെന്നും ഗൂഢലക്ഷ്യങ്ങളോടെയാണെന്നും പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. നഗരസഭ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് എതിരെ തട്ടുകടയുടമ കോടതി വഴി നേടിയ സ്റ്റേ, മാറ്റിയെടുക്കുന്നതിന് ഭരണ നേതൃത്വം ശ്രമിക്കാത്തതും ദുരൂഹമാണെന്നും ഇത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് : ചെയർമാൻ

ഞങ്ങൾക്ക് മറ്റു പരിപാടികൾ ഉണ്ട്, പൊലീസിനെ വേഗം വിളിക്കൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് സെക്രട്ടറി
ഉടൻ പൊലീസിനെ വിളിക്കുകയായിരുന്നൂവെന്നും ചെയർമാൻ ആന്റോ ജോസിന്റെ പരിഹാസം. വസ്തുതകളും നടപടി ക്രമങ്ങളും പരാതിക്കാരിയോട് പറഞ്ഞ് മനസിലാക്കുന്നതിനു പകരം കോടതി സ്റ്റേയിൽ നിൽക്കുന്ന വിഷയത്തിൽ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തി വരുന്നതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.