rama

പാലാ. കർക്കടക മാസത്തിന്റെ പുണ്യനാളുകളിൽ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേ ദിവസമുള്ള നാലമ്പലദർശനത്തിന് രാമപുരം ഒരുങ്ങി. നാലമ്പലദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുമ്പ് പൂർത്തിയാക്കുന്നത് ഉത്തമമാണെന്ന വിശ്വാസമാണ് കോട്ടയം ജില്ലയിലെ രാമപുരത്തിന് പ്രാധാന്യമേറാൻ കാരണം. ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം ഏതാണ്ട് 3 കിലോമീറ്റർ മാത്രമായതിനാൽ ബദ്ധപ്പാടില്ലാതെ ദർശനം നടത്താൻ സാധിക്കും.

ആദ്യം രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടർന്ന് കൂടപ്പുലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദർശിക്കുന്നതോടെ നാലമ്പലദർശനം പൂർണ്ണമാകും.

ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ തിരക്കു കണക്കാക്കി വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നതായി നാലമ്പലദർശന കമ്മിറ്റി ഭാരവാഹികളായ പി.ആർ.രാമൻ നമ്പൂതിരി, സോമനാഥൻ നായർ അക്ഷയ, കെ.കെ.വിനു കൂട്ടുങ്കൽ, രഘു കുന്നൂർമന എന്നിവർ അറിയിച്ചു. നാലമ്പല ദർശന കമ്മിറ്റിയുടെ സഹകരണത്തോടെ നാലുക്ഷേത്രങ്ങളിലും തീർത്ഥാടകരെ വരവേൽക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തീർത്ഥാടകർക്ക് മഴനനയാതെ ക്യൂ നിൽക്കുന്നതിന് പന്തലും വാഹന പാർക്കിംഗിന് വിപുലമായ സൗകര്യങ്ങളുമുണ്ട്. ഇൻഫർമേഷൻ സെന്ററുകളും വോളന്റിയർമാരുടെ സേവനും ലഭ്യമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി. പ്രത്യേക നാലമ്പല സർക്കുലർ സർവീസ് നടത്തും. കർക്കടക മാസത്തിലെ ദർശന സമയം രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും വൈകിട്ട് 5 മുതൽ 7.30 വരെയുമാണ്.