വൈക്കം : മത്സ്യഫെഡിന്റെ പാലായ്ക്കരി ഫിഷ് ഫാം അക്വാ ടൂറിസം കേന്ദ്രത്തിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റും കാളാഞ്ചി മത്സ്യക്കൂടുകൃഷിയും ഇന്നാരംഭിക്കും. വൈകിട്ട് നാലിന് കാളാഞ്ചി മത്സ്യക്കൂട് കൃഷി തോമസ് ചാഴികാടൻ എം.പിയും, ഒഴുകുന്ന ഭക്ഷണശാല സി.കെ.ആശ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വേമ്പനാട് കായലിനോടു ചേർന്നു കിടക്കുന്ന 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. മുപ്പതപേർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നിർമിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റിലുള്ളത്. ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്.പുഷ്പമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ്, വാർഡംഗങ്ങളായ ശാലിനി മധു, സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം.ശശി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡേ. ദിനേശൻ ചെറുവാട്ട്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ റ്റി. രഘുവരൻ, ശ്രീവിദ്യാ സമോദ്, പി.ബി. ദാളോ ഫ്രാൻസിസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ബാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. കിഷോർ കുമാർ എന്നിവർ പങ്കെടുക്കും.