മുണ്ടക്കയം : ദേശീയപാതയിൽ ചുവട് ഇളകി അപകടക്കെണി ഒരുക്കി വൻമരങ്ങൾ. ചുഴുപ്പിനും പുല്ലുപാറയ്ക്കും ഇടയിൽ 70 തോളം വലുതും ചെറുതുമായ മരങ്ങളാണ് അപകടഭീഷണി ഉയർത്തി ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വൻമരം കടപുഴകി വീണെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. പ്രദേശവാസികൾ നിരന്തരം അപകടഭീഷണിയിലാണെന്ന് കാണിച്ച് പരാതിപ്പെട്ടിരുന്ന കൂറ്റൻ മരങ്ങളിലൊന്നാണ് നിലംപൊത്തിയത്. മണിക്കൂറുകളോളം ഗതാഗതവും നിലച്ചു. വീണ മരത്തിന് സമീപം അഞ്ചോളം മരങ്ങളാണ് ചുവട്ടിലെ മണ്ണ് നീങ്ങി റോഡിന്റെ മുകളിലെ തിട്ടകളിൽ നിൽക്കുന്നത്. അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളിൽ അധികവും പാഴ് മരങ്ങളാണ്. ഇക്കാരണത്തൽ ലേല നടപടികൾക്കോ മറ്റ് ഇടപാടുകൾക്കോ മരക്കച്ചവടക്കാർക്ക് താത്പര്യമില്ല. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ മരം നിലംപതിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ. ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ മരങ്ങൾ മുറിച്ച് മാറ്റി വാഹനയാത്രക്കാരരുടെ ജീവന് സംരക്ഷണം ഒരുക്കണമെന്നാണാവശ്യം.