വാഴൂർ: ജലസ്രോതസുകൾ മലിനീകരിക്കുന്നവർക്കെതിരെയും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെയും വാഴൂർ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു തുടങ്ങി. ജലസ്രോതസുകളിലേക്ക് മാലിന്യ കുഴലുകൾ വയ്ക്കുകയും ജലസ്രോതസുകളിൽ മാലിന്യം തള്ളുകയും ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് കാണിച്ച് വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതോടൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന അംഗങ്ങളുടെ പ്രവർത്തനവും സജീവമാക്കിയിരുന്നു. പ്ലാസ്റ്റിക്കും മറ്റു പാഴ് വസ്തുക്കളും കൂട്ടിയിട്ട് കത്തിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഴുവൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നോട്ടീസും നൽകിയിട്ടുണ്ട്. ജലസ്രോതസുകളിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നാല് വ്യക്തികളിൽ നിന്നും പിഴ ഈടാക്കിയിരുന്നു.