അമയന്നൂർ മെത്രാഞ്ചേരി റോഡ് കുഴിയും വെള്ളക്കെട്ടും നിറഞ്ഞു
അമയന്നൂർ: എവിടെ കാലുകുത്തും. കണ്ണെത്തുന്നിടത്ത് ചെളി മാത്രം. അമയന്നൂർ മെത്രാഞ്ചേരി റോഡിന്റെ അവസ്ഥ അത്രയേറെ ദയനീയമായി.
റോഡിലാകെ കുഴിയും വെള്ളക്കെട്ടും നിറഞ്ഞു. അടുത്തകാലത്ത് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ റോഡാണ് തുടർച്ചയായി പെയ്ത മഴയിൽ തകർന്നുതരിപ്പണമായത്. അമയന്നൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മെത്രാഞ്ചേരി പള്ളി ഭാഗം വരെ തകർന്ന നിലയിലാണ്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ആരാധാനാലയങ്ങൾ, സിലിണ്ടർ ഗോഡൗൺ, വയോജനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. വലിയ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്. അമയന്നൂരിൽ നിന്നും അയർക്കുന്നം ഭാഗത്തേയ്ക്ക് പോകാമെന്നതിനാൽ നിരവധി പേർ റോഡിനെ ആശ്രയിക്കുന്നുണ്ട്. മുൻപ് സ്വകാര്യ ബസ് സർവീസും റൂട്ടിലൂടെ നടത്തിയിരുന്നു.
വീഴരുത്
വെള്ളക്കെട്ടും ചെളിയും നിറഞ്ഞ റോഡിൽ അപകടങ്ങളും പതിവാണ്. രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ഇരട്ടി ദുരിതമാണ്. കുഴി അറിയാതെ എത്തുന്നവർ പലപ്പോഴും വീണുപോകുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി മറിയുന്നതും പതിവാണ്. കാൽനടയാത്രയും ദുരിതമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിനിറഞ്ഞ വെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്ക് വീഴുന്നതും പരാതിക്ക് ഇടയാക്കുന്നു.