book

പാലാ . അരനൂറ്റാണ്ടിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ സന്തോഷം അലയടിച്ചു. പ്രായത്തിന്റെ വരകുറികൾ വീണ മുഖങ്ങളിൽ പഴയ കൂട്ടുകാരുടെ കളിചിരികൾ, തമാശകൾ, പിന്നെയൽപ്പം വീട്ടുകാര്യവും. 50 വർഷം മുമ്പ് പാലാ സെന്റ് ജോസഫ്‌സ് കോളേജിൽ മലയാളം വിദ്വാൻ പഠിച്ച നാൽപ്പതോളം സഹപാഠികളാണ് ഇന്നലെ പാലായിൽ ഒത്തുകൂടിയത്. ഇവരിൽ മലയാളം വിദ്വാനൊപ്പം ഹിന്ദി വിദ്വാനും സംസ്‌കൃതം വിദ്വാൻ പരീക്ഷയുമൊക്കെ പാസായവരും ഉണ്ടായിരുന്നു. എല്ലാവരും അദ്ധ്യാപന ജോലിയിൽ പ്രവേശിച്ചു. വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന ഇവരിലേറെപ്പേരും 75 പിന്നിട്ടവരാണ്. ആറുപേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രണ്ട് പേർ ശയ്യാവലംബികളായി. സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർ വീഡിയോ കാളിലൂടെ സമ്മേളന ദൃശ്യങ്ങൾ തത്സമയം കണ്ടു.

ടൗണിന്റെ ഹൃദയഭാഗത്തുള്ള സെന്റ് ജോസഫ്‌സ് കോളേജിലെ കുടുസുമുറിയിൽ, വഴിയിൽ നിന്നടിക്കുന്ന മൂത്രഗന്ധവും സഹിച്ച് നമ്മൾ പഠിച്ചതോർക്കുന്നില്ലേ. സംഗമം ഉദ്ഘാടനം ചെയ്ത മുതിർന്ന അംഗവും സസ്ഥാന ഭാഷ നവീകരണ സമിതി അംഗവും കൂടിയായ സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് ചോദിച്ചപ്പോൾ എന്റെ പൊന്നേ അതൊക്ക മറക്കാൻ പറ്റുമോ എന്ന് സദസ്സിൽ നിന്ന് റിട്ടയർ അദ്ധ്യാപിക രാമാദേവി അന്തർജ്ജനവും, സാഹിത്യകാരൻ ആർ കെ വള്ളിച്ചിറയും ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ നിലയ്ക്കാത്ത കൈയടി.

മലയാളം വിദ്വാൻ കഴിഞ്ഞ് ഹൈസ്‌കൂൾ മുതൽ കോളേജ് പ്രിൻസിപ്പൽ സ്ഥാനം വരെ അലങ്കരിച്ച പി ആർ സുകുമാരൻ പെരുമ്പ്രായിൽ, സാഹിത്യകാരൻ എം കെ എസ് പാലക്കാട്ടുമല, രമാദേവി അന്തർജ്ജനം, പി ജെ എബ്രാഹാം, വി എം തോമസ്, കെ എം തോമസ്, അഗസ്റ്റ്യൻ മേലേട്ട്, മൂന്നിലവ് കെ പി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടി പി ജോസഫ് കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ഒടുവിൽ സ്‌നേഹസദ്യയും കഴിച്ച് അടുത്തവർഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും പിരിഞ്ഞു.