
കോട്ടയം . നഗരമദ്ധ്യത്തിൽ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയത് വൻ സുരക്ഷാ വീഴ്ച. പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന് പറഞ്ഞ് കണ്ണുവെട്ടിച്ച പ്രതിയെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. നഗരമദ്ധ്യത്തിലൂടെ രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടിക്കാനാവാത്തത് പൊലീസിനും നാണക്കേടായി. നാടിനെ നടുക്കിയ കൊലക്കേസ് പ്രതികളിലൊരാണ് ജയിൽ ചാടിയതെന്ന് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിനായി പ്രതി ദിവസങ്ങൾക്ക് മുൻപ് ആസൂത്രണം നടത്തിയെന്നാണ് കരുതുന്നത്. സഹായത്തിന് ആരെയെങ്കിലും വിളിച്ചാൽ പദ്ധതി പാളുമെന്നതിനാൽ കൂടെയുണ്ടായിരുന്നവരോട് പോലും പറഞ്ഞില്ല. രക്ഷപ്പെടാനുള്ള പലക മതിലിന് സമീപം കരുതിവച്ചിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞില്ല.
ബിനു ജയിലിൽ ശാന്ത സ്വഭാവക്കാരനായതിനാലാണ് പാചക ജോലിയ്ക്ക് നിയോഗിച്ചത്. ജാമ്യം ലഭിക്കാത്തതിനാൽ അസ്വസ്ഥനുമായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രമാദമായ കേസായിരുന്നതിനാൽ 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. ഹൈക്കോടതി വരെ പോയിട്ടും ജാമ്യം ലഭിച്ചില്ല. ചുവപ്പ് കളർ ഷർട്ടും വെള്ള മുണ്ടുമായാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടപ്പോൾ ചെക്ക് കൈലിയും ടീ ഷർട്ടുമായിരുന്നു വേഷം. പുറത്തിറങ്ങിയ ശേഷം പാന്റ്സ് ധരിച്ചു. നേരെ പോയത് ജാമ്യാപേക്ഷയിൽ സഹായിച്ച സുഹൃത്ത് സുമേഷിന്റെ അരികിലേക്കാണ്. എന്നാൽ ജയിൽ ചാടിയെന്ന മനസിലാക്കി സുമേഷ വീട്ടിൽ കയറ്റിയിട്ടില്ലെന്നാണ് മൊഴിയെങ്കിലും പണമോ മറ്റോ നൽകി സഹായിച്ചോയെന്നതും അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച സംബന്ധിച്ച് ജയിൽവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആകെ 10 അടി ഉയരം.
സുരക്ഷയുടെ കാര്യത്തിൽ ജില്ലാ ജയിൽ സംസ്ഥാനത്തെ മറ്റു ജയിലുകളെ അപേക്ഷിച്ച് ഏറ്റവും പിൻനിരയിലാണ്. മറ്റു ജയിലുകളുടെ ചുറ്റുമതിലിന് 12 അടിയാണ് ഉയരമെങ്കിൽ ഇവിടെ 10 അടി മാത്രം. ഒരു ബക്കറ്റ് കമിഴ്ത്തിവച്ച് കയറി നിന്നാൽ, അത്യാവശ്യം കായിക ബലമുള്ളവർക്കു വളരെ വേഗം പുറത്തെത്താം. റെയിൽവേ സ്റ്റേഷനും പ്രധാന റോഡുമെല്ലാം സമീപത്തുണ്ട്. ജയിലിലെ അംഗസംഖ്യയുടെ കാര്യത്തിലും ജില്ലാ ജയിൽ വീർപ്പുമുട്ടുകയാണ്. 60 പേരെ പാർപ്പിക്കാനുള്ള അടിസ്ഥാന സൗകര്യമേയുള്ളൂ. ഉള്ളതാകട്ടെ ശരാശരി 120 പേർ. വെള്ളിയാഴ്ച 125 പേരും, ഇന്നലെ 110 പേരും ജയിലിലുണ്ടായിരുന്നു.