കോട്ടയം : പ്രാഥമിക കൃത്യത്തിന് ഇറക്കിയപ്പോൾ ജില്ലാ ജയിലിന്റെ മതിൽ ചാടി രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇന്നലെ രാത്രി 9 ഓടെ മീനടത്തെ വീട്ടിന് സമീപമുള്ള പറമ്പിൽ നിന്ന് പൊലീസ് പിടികൂടി. യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട കേസിലെ കൂട്ടുപ്രതി പാറമ്പുഴ മോളയിൽ ബിനുമോൻ (36) ആണ് ഇന്നലെ പുലർച്ചെ രക്ഷപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ മുട്ടമ്പലം ഉറുമ്പനത്ത് ഷാൻ ബാബുവിനെ (19) തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോൻ. പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബിനുമോൻ ഉൾപ്പടെ ആറു പ്രതികളെ രാവിലെ 4.30 നാണ് സെല്ലിൽ നിന്ന് പുറത്തിറക്കിയത്. ജയിലിന്റെ കിഴക്ക് ഭാഗത്ത് പത്തടി ഉയരമുള്ള മതിലിൽ പലക ചാരി വച്ച ശേഷം, മതിലിനോട് ചേർന്ന് ഉറപ്പിച്ചിരുന്ന സി.സി.ടി.വി കാമറയുടെ കേബിൾ വഴി തൂങ്ങിയാണ് പുറത്തുകടന്നത്. നടന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം വരെ എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവിടെ നിന്ന് കഞ്ഞിക്കുഴിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തി. ജയിൽ ചാടിയതാണെന്ന് വ്യക്തമായതിനാൽ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ മുങ്ങിയെന്നായിരുന്നു സുഹൃത്തിന്റെ മൊഴി. മീനടം ഭാഗത്തേയ്ക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചമുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രദേശം. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും
ലുങ്കിയുടുത്ത് ഇറങ്ങി, ജീൻസിട്ട് രക്ഷപ്പെട്ടു
രാവിലെ പല്ല് തേയ്ക്കുമ്പോൾ ലുങ്കിയും ടീ ഷർട്ടും ധരിച്ചിരുന്ന ബിനുവിനെ സി.സി.ടി.വി ദൃശ്യത്തിൽ ജീൻസും ഷർട്ടും ധരിച്ചാണ് കാണുന്നത്. ജയിൽ ചാടുമ്പോൾ കരുതിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുണ്ട് മണത്ത പൊലീസ് നായ ഈസ്റ്റ് സ്‌റ്റേഷന് സമീപമുള്ള ബസ് സ്‌റ്റോപ്പ് വരെ എത്തി മടങ്ങി. ശാസ്ത്രീയ അന്വേഷണ വിദഗ്ദ്ധരും സ്ഥലം പരിശോധിച്ചു. ജില്ലയിലെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഇയാൾ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. കഴിഞ്ഞദിവസം കാണാനെത്തിയ ഭാര്യയോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങണമെന്ന് ഇയാൾ പറഞ്ഞിരുന്നു. ഷാനിനെ തട്ടിക്കൊണ്ടു പോകാനും മൃതദേഹം സ്റ്റേഷന് മുന്നിൽ കൊണ്ടിടാനും ബിനുവിന്റെ ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. പ്രതികളുമായി ബന്ധമുണ്ടെങ്കിലും മറ്റ് കേസുകളിൽ ഇയാൾ പ്രതിയല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ജയിൽവകുപ്പ് അന്വേഷണം ആരംഭിച്ചു.
''പ്രതി രക്ഷപ്പെട്ടത് അറിഞ്ഞത് പുലർച്ചെ അഞ്ചരയോടയാണ്. ഉടൻ കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മതിലിന് മറ്റ് ജയിലുകളെ അപേക്ഷിച്ച് പൊക്കക്കുറവാണ്.
-ശരത്, ജയിൽ സൂപ്രണ്ട്