teak

കോട്ടയം. തേക്കിനും പ്ലാവിനും ഡിമാന്‍ഡേറുന്നു. കൊവിഡാനന്തരം വിദേശതടികളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് പ്രാദേശികമായി തടികള്‍ക്ക് വിലയേറിയത്. കേരളത്തില്‍ നിന്ന് കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും തടികള്‍ കൂടുതലായി കയറ്റിയയ്ക്കുന്നുണ്ട്.

ഗവണ്‍മെന്റ് ഫോറസ്റ്റ് ഡിപ്പോകളില്‍ 60 ഇഞ്ചില്‍ താഴെയുള്ള തടികളാണ് ലേലം വിളിക്കുന്നത്. 80 ഇഞ്ചിന്റെ മുകളിലുള്ള തടികള്‍ ഫോറസ്റ്റ് ഡിപ്പോകളില്‍ ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. അതിനാൽ നാട്ടിൻപുറത്തെ തടികൾ തേടി നടക്കുകയാണ് കച്ചവടക്കാർ. എന്നാൽ ഇത്രയും വിലയുള്ളപ്പൊഴും തടി ഉടമകള്‍ക്ക് കാര്യമായെന്നും കിട്ടാറില്ല. ഇടനിലക്കാര്‍ അമിത ലാഭമാണ് തട്ടിയെടുക്കുന്നത്. പകുതി വില പോലും ചിലർ കൊടുക്കില്ല.

സംസ്ഥാനത്തെ കര്‍ഷകരുടെയും സ്ഥല ഉടമകളുടെയും തടികള്‍ സര്‍ക്കാര്‍ കൂപ്പുകളില്‍ ലേലം വിളിക്കാനുള്ള സംവിധാനം ഒരുക്കണം. എങ്കിലേ ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് വില്‍പ്പന നടത്താന്‍ സ്ഥല ഉടമകള്‍ക്ക് സാധിക്കൂ. സര്‍ക്കാര്‍ കൂപ്പുകളില്‍ പ്ലാവ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. തേക്ക് ഉണ്ടെങ്കിലും 60 ഇഞ്ചില്‍ താഴെയുള്ളത് മാത്രമേയുള്ളൂ. 80 ഇഞ്ചിന് മുകളിലേക്കുള്ളതിനാണ് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിക്കുന്നത്. 80 ഇഞ്ചിന് മുകളിലേക്കുള്ള തടികള്‍ അന്യസംസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിലെ വീടുകള്‍ മോടിപ്പിക്കുന്നതിനും നിര്‍മ്മാണത്തിനും പാനല്‍ സ്ഥാപിക്കുന്നതിനുമാണ് തേക്ക്, പ്ലാവ് തടികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. നൂറ് ഇഞ്ചിന് മുകളിലുള്ളതിന് മോഹവില ലഭിക്കും. തേക്കും പ്ളാവും അധികം കിട്ടാനില്ലാതെ വന്നതോടെ ആഞ്ഞിലി, മഹാഗണി തുടങ്ങിയ തടികള്‍ക്കും ഡിമാൻഡ് ഏറുകയാണ്.

ക്യുബിയ്ക്കടിക്ക് വില.

തേക്ക് 80 ഇഞ്ചിന് മുകളില്‍ 7000 രൂപ.

പ്ളാവ് 80 ഇഞ്ചിന് മുകളില്‍ 4000 രൂപ.

ഇടനിലക്കാരുടെ തീവെട്ടിക്കൊള്ളയ്ക്കു കടിഞ്ഞാണിടണമെങ്കിൽ സ്വകാര്യവ്യക്തികളുടെ തടികള്‍ ലേലം ചെയ്യുന്നതിനും സർക്കാർ കൂപ്പില്‍ സംവിധാനം ഒരുക്കണം. ഇതുവഴി സർക്കാരിന് നികുതിയും ഉടമസ്ഥര്‍ക്ക് ന്യായവിലയും ലഭിക്കും. ഇത് കൂടുതല്‍ ആളുകളെ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിയ്ക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും.

ബി.ബി.ജോജോ, തടി ഉടമ.