ബേസ് ആശുപത്രി ഈരേച്ചേരിപ്പടി കലുങ്ക് റോഡ് തകർന്നു

മണർകാട്: നടന്നാൽ ചെളിയിൽ പുതയും,​ വാഹനമെങ്കിൽ കുഴിയിൽ ചാടും. മണർകാട് ബേസ് ആശുപത്രി ഈരേച്ചേരിപ്പടി കലുങ്ക് റോഡിലൂടെയുള്ള യാത്ര എങ്ങനെ കുളമാകാതിരിക്കും. കുഴിയും ചെളിയും നിറഞ്ഞ് റോഡ് പൂർണമായും തകർന്നു. മണർകാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. 2019ലാണ് കലുങ്ക് റോഡ് നിർമ്മിച്ചത്. പിന്നെ ചെറുതും വലുതുമായ കുഴികൾ റോഡിൽ രൂപപ്പെട്ടു. മഴയെങ്കിൽ വെള്ളക്കെട്ടുമായി. ടാറിംഗ് തകർന്ന റോഡ് ചെളിനിറഞ്ഞ നിലയിലാണ്. കാൽനടയാത്രയും ദുഷ്‌ക്കരമായി. റോഡിന് സമീപത്തായാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കോട്ടയം, മണർകാട്, പാലാ, ഏറ്റുമാനൂർ റോഡിൽ നിന്നും എത്തുന്ന നിരവധി യാത്രക്കാർ മണർകാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അതേസമയം പ്രധാന റോഡ് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും ഇടറോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ തടിതപ്പുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.

വീഴരുത് കുഴിയിൽ

കുഴികൾ നിറഞ്ഞ റോഡിലൂടെ രാത്രിയാത്ര ഉൾപ്പെടെ ദുസഹമാണ്. കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ, കാൽനടയാത്രികരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്നതിനും പതിവാണ്.