jail

കോട്ടയം. പ്രതി ജയിൽ ചാടിയ സംഭവത്തത്തുടർന്ന് കൂടുതൽ സുരക്ഷയുള്ള ജയിൽ വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജയിൽ ഇവിടെ നിന്നു മാറ്റാനായി നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ രണ്ടരയേക്കർ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് ജയിൽ വകുപ്പ് നൽകിയ കത്തിന് മേൽ ഇനിയും തീരുമാനമായില്ല.

തന്ത്രപ്രധാനമായ മേഖലയിലാണ് നിലവിൽ ജില്ലാ ജയിൽ. ഇതിന്റെ ഗുണവും ദോഷവും ഒരുപോലുണ്ട്. കോടതിയിൽ നിന്ന് പ്രതികളെ വേഗം ജയിലിലാക്കാമെന്നതും ആശുപത്രിയടക്കമുള്ള സൗകര്യങ്ങളും ഗുണമാകുമ്പോൾ തൊട്ടടുത്ത് ഹൈവേയും റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും മീനച്ചിലാറുമെല്ലാമുണ്ട് എന്നത് ദോഷമാണ്. വ്യക്തമായ ആസൂത്രണത്തോടെ ജയിൽചാടിയാൽ പിടിക്കാനാവില്ല. ഇതിന് പുറമേയാണ് മതിലിന്റെ പൊക്കക്കുറവ്. ബാക്കി എല്ലാ ജയിലുകൾക്കും 12 അടി ഉയരമുള്ള മതിലുള്ളപ്പോൾ ഇവിടെ 10 അടി മാത്രമേയുള്ളൂ. ഉയരം കൂട്ടണമെന്ന സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസം മുമ്പ് 20 ലക്ഷം രൂപ ജയിൽ വകുപ്പ് അനുവദിക്കുകയും മരാമത്തു വകുപ്പ് കെട്ടിട വിഭാഗത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിർമാണം നടന്നില്ല.

അരനൂറ്റാണ്ടിന്റെ പഴക്കം.
1959ൽ സബ് ജയിൽ ആയി തുടങ്ങി, 2000ത്തിൽ സ്‌പെഷ്യൽ സബ് ജയിലും 2013ൽ ജില്ലാ ജയിലുമായി ഉയർത്തിയ ഇവിടെ അഞ്ചു വനിതകൾ ഉൾപ്പെടെ 28 ജീവനക്കാരുണ്ട്. ആകെ 55 സെന്റിലാണ് പ്രവർത്തനം. ഇടുങ്ങിയ സെല്ലുകളോടു കൂടിയ ജയിലിൽ 55 പേരെ പാർപ്പിക്കാം എന്നാൽ, ശരാശരി ഇവിടെയുള്ളത് 110പേരാണ്. ചില ദിവസങ്ങളിൽ 125നും മുകളിൽ വരും. ശൗചാലയങ്ങളും വിരലിലെണ്ണാവുന്നത് മാത്രം. കുറ്റവാളികൾ തമ്മിലുള്ള സംഘർഷവും ഇവിടെ പതിവാണ്.

നാട്ടകത്ത് പണിതാലുള്ള ഗുണം.

നാട്ടകത്ത് ആധുനിക സൗകര്യങ്ങളോടെ ജയിൽ സ്ഥാപിക്കാം.

തിരക്കിൽ നിന്ന് മാറിയായതിനാൽ സുരക്ഷയും വർദ്ധിപ്പിക്കാം.

കൃഷി അടക്കമുള്ള റിക്രിയേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കാം.

പ്രതി ജയിൽ ചാടിയാലും അത്ര വേഗം രക്ഷപ്പെടാൻ കഴിയില്ല.

ജയിൽജീവനക്കാർ: 28.

തടവുപുള്ളികൾ: 110.

ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത് പറയുന്നു.

'' രണ്ടര ഏക്കറോളം സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയത്. കൂടുതൽ സെല്ലുകളും നിർമിക്കാൻ കഴിയും''