mariya

പാലാ: മരിയസദനിൽ ഇനി ആകെയുള്ളത് മൂന്ന് ചാക്ക് അരി മാത്രം. ഇതുകൂടി തീർന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാനൂറ്റമ്പതോളം അന്തേവാസികൾ പട്ടിണിയിലാകും. ''നാളെ നേരംവെളുത്താൽ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സർക്കാരിന്റെ റേഷനിലും ഉദാരമതികളുടെ കാരുണ്യത്തിലുമാണ് മരിയസദൻ പിടിച്ചുനിന്നത്. റേഷൻ വിഹിതമായി 1200 കിലോ അരിയും 800 കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നത്. രണ്ടുമാസമായി ഇതു കിട്ടുന്നില്ല. '' ആശങ്കകൾക്കിടയിൽ ഇതുപറയുമ്പോൾ മരിയസദൻ സന്തോഷിന്റെ മിഴി നിറഞ്ഞു. കൊവിഡ് കാലത്തിനു ശേഷം ഇതാദ്യമായാണ് മരിയസദൻ ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നത്.

സർക്കാർ സഹായങ്ങൾ വെട്ടിക്കുറച്ചതോടെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രമായ മരിയസദൻ അടക്കമുള്ള അഗതിമന്ദിരങ്ങളുടെ നിലനിൽപ്പ് പരുങ്ങലിലായിരിക്കയാണ്.

430 അന്തേവാസികളും 32 വോളണ്ടിയർമാരുമാണ് ഇവിടെയുള്ളത്. അന്തേവാസികളിൽ 140 പേർ സ്ത്രീകളാണ്. 30 പേർ കുട്ടികളും. ഒരു ദിവസം ഭക്ഷണത്തിനുതന്നെ അറുപതിനായിരത്തോളം രൂപ ചെലവാകും. മാനസിക രോഗികൾ, കിടപ്പ് രോഗികൾ, മറ്റ് അസുഖമുള്ളവർ എന്നിവർക്കുള്ള മരുന്നിന്റെ ചെലവുകൾ വേറെ. മൂന്നര ലക്ഷത്തിലധികം രൂപാ മരുന്നിനായി ഒരു മാസം വേണം. കറന്റുചാർജ് അടക്കം മറ്റു ചെലവുകൾ വേറെ. ഭക്ഷ്യവസ്തുക്കൾ വാങ്ങിയ വകയിൽ ഇപ്പോൾ 25 ലക്ഷം രൂപ കടമായി.

മാനസിക വെല്ലുവിളി നേരിടുന്നവരും മദ്യത്തിന് അടിമയായി ചികിൽസയിൽ കഴിയുന്നവരും 60 വയസ്സിന് മുകളിലുള്ള കിടപ്പ് രോഗികളുമാണ് ഇവിടത്തെ അന്തേവാസികൾ. ഭക്ഷണവും മരുന്നും മുടങ്ങിയാൽ ആക്രമണ സ്വഭാവം കാണിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെയെല്ലാം ചേർത്തുപിടിച്ച് മുന്നോട്ട് പോകുമ്പോഴും പട്ടിണി വരുത്തല്ലേയെന്ന് മാത്രമാണ് മരിയസദൻ സന്തോഷിന്റെയും കുടുംബാംഗങ്ങളുടെയും പ്രാർത്ഥന. സഹായിക്കാൻ താത്പര്യമുള്ളവർക്ക് വിളിക്കാം. ഫോൺ: 9961404568.