കോട്ടയം: മക്കളെ കാണാനാണ് ജയിൽ ചാടിയതെന്ന് കൊലക്കേസ് കൂട്ടുപ്രതി ബിനുവിന്റെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂരിലേയ്ക്ക് മാറ്റും. കഴിഞ്ഞ ദിവസം പുലർച്ചേ ജയിൽ ചാടിയ ബിനുവിനെ മീനടത്തെ വീടിന് സമീപത്ത് വച്ചാണ് പൊലീസും ജയിൽ അധികൃതരും പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിൽ ചാടാനുള്ള കാരണം ബിനു പറഞ്ഞത്. ജാമ്യം ലഭിക്കുമെന്ന് പലതവണ ഉറപ്പിച്ചെങ്കിലും ലഭിക്കാതായതോടെ കടുത്ത നിരാശയിലായിരുന്നു. ഒടിവിലാണ് ജയിൽ ചാടാൻ തീരുമാനിച്ചത്. ഇതിനായി അടുക്കള ഭാഗത്ത് കിടന്ന പലക മാറ്റിയിടുകയായിരുന്നെന്നും രാവിലെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടക്കുകയായിരുന്നെന്നും മൊഴി നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളുടെ പേരിലാണ് ഇയാളെ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
ജയിൽ ചാടിയത് വൈദ്യുതി മുടക്കത്തിന്റെ മറവിൽ
പുലർച്ചെയുണ്ടായ വൈദ്യുതി മുടക്കത്തിന്റെ മറവിലാണ് ഇയാൾ ജയിൽ ചാടിയതെന്ന് ഉത്തരമേഖലാ ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്. ജയിലിന്റെ മതിലിന്റെ ഉയരക്കുറവും പ്രതി രക്ഷപ്പെടാൻ ഇടയാക്കിയെന്നും ഡി.ഐ.ജി സാം തങ്കയ്യൻ ജയിൽ ഡി.ജി.പിയ്ക്ക് നൽകിയ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. മതിലിന്റെ ഉയരം വർദ്ധിപ്പിക്കണമെന്നും മുകളിൽ ഇരുമ്പുവേലി സ്ഥാപിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. സംഭവം നടക്കുമ്പോൾ ജയിലിൽ 110 തടവുകാരും നാലു അസിസ്റ്റന്റ് പ്രിസണർമാരുമാണ് ഉണ്ടായിരുന്നത്.