ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ബലിക്കൽപ്പുര നിർമ്മിക്കുന്നു. തടിയും സിമന്റും ഉപയോഗിച്ചാണ് ബലിക്കൽപ്പുര പണിതുയർത്തുന്നത്. ശില്പി നെച്ചിപ്പുഴൂർ പി.എസ്. റെജിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. 35 കുത്തു കാലുകളും 24 അഴികളും ബലിക്കൽപ്പുരയ്ക്കുണ്ടാകും. കുത്തുകാലുകൾ സിമന്റിലും അഴികൾ തേക്കിൻതടിയിലുമാണ് നിർമ്മിക്കുന്നത്. മുഖമണ്ഡപത്തിൽ ചിത്രപ്പണികളോടുകൂടിയ വാതിലും തേക്കുതടിയിലാണ് നിർമ്മിക്കുന്നത്. ആറടി ഉയരത്തിലാണ് നിർമ്മാണം. കാൽ നൂറ്റാണ്ട് മുമ്പാണ് കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം പുതുക്കിപ്പണിത് പുന:പ്രതിഷ്ഠ നടത്തിയത്. തുടർന്ന് ഇവിടെ നവഗ്രഹക്ഷേത്രവും സർപ്പപ്രതിഷ്ഠകളുമൊക്കെ നടത്തിയിരുന്നു. എന്നാൽ ബലിക്കൽപ്പുര നിർമ്മിക്കാൻ സാധിച്ചിരുന്നില്ല. അടുത്തകാലത്ത് കാവിൻപുറം ദേവസ്വം ഭരണസമിതി യോഗം ചേർന്ന് ബലിക്കൽപ്പുര നിർമ്മിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ക്ഷേത്രത്തിലെ ചിങ്ങപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ബലിക്കൽപ്പുരയുടെ സമർപ്പണം നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.