പ്രദേശത്ത് വെളിച്ചമില്ല, കൈയൊഴിഞ്ഞ് അധികാരികൾ

പാലാ: പാലാ തെക്കേക്കര കൂരിരുട്ടിൽ. തെരുവുവിളക്കുകൾ കത്തിക്കാൻ മെനക്കെടാതെ കൗൺസിലർമാർ. ഇനി ആരോട് പരാതിപ്പെടുമെന്നറിയാതെ പൊതുജനവും. നഗരസഭയിലെ തെക്കേക്കര പ്രദേശം മാസങ്ങളായി രാത്രിയിൽ വെളിച്ചമില്ലാത്ത അവസ്ഥയിലാണ്. പാലാ പൊൻകുന്നം ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി. ഇത് റിപ്പയർ ചെയ്യുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ യാതൊരു നടപടിയും അധികാരികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ തെക്കേക്കര യൂണിറ്റ് ഭാരാഹികൾ കുറ്റപ്പെടുത്തുന്നു.

നഗരസഭ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവ കൂടി കത്താതായതോടെ പ്രധാന റോഡുകൾ ഉൾപ്പെടുന്ന തെക്കേക്കര പൂർണമായും ഇരുട്ടിലായി. കടപ്പാട്ടൂർ പന്ത്രണ്ടാംമൈൽ ബൈപാസ് റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതിനാൽ മദ്യപാനികൾക്കും മോഷ്ടാക്കൾക്കും പരിസരപ്രദേശങ്ങൾ ഒളിത്താവളമായി മാറിയിരിക്കുകയാണെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.

ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പന്ത്രണ്ടാംമൈൽ ബൈപാസ് ജംഗ്ഷനിൽ പകുതി ഭാഗം മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്. ഇവിടെ അപകടസാധ്യത ഏറെയാണ്. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇതുസംബന്ധിച്ച് പാലാ നഗരസഭ, പൊതുമരാമത്ത് വകുപ്പ് അധികാരികൾ എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേക്കര യൂണിറ്റ് ഭാരവാഹികളായ തോമസ് ജി കുമ്പുക്കൽ, വി മുരളീധരൻ, സാജൻ കെ.സി., ഷാജി തോട്ടുപുറം, അനിൽ പങ്കജ്, സജൻ ജി, ലിനീഷൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.