വൈക്കം: പാലാക്കരിയിലേക്ക് വരൂ.. ഫ്‌ളോട്ടിംഗ് റസ്റ്റോറന്റിൽ കായൽ കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കാം... സന്ദർശകരെ മാടി വിളിക്കുകയാണ് ഫിഷ് ഫാം. ഒപ്പം അക്വാ ടൂറിസം സെന്ററിലെ കാളാഞ്ചിക്കൂട്ടിൽ കാളാഞ്ചിക്കുഞ്ഞുങ്ങൾ നീന്തി തുടിക്കുന്നത് ആസ്വദിക്കാം. പ്രകൃതിസൗഹൃദ രീതിയിൽ നിർമ്മിച്ച ഒഴുകുന്ന ഫ്‌ളോട്ടിംഗ് റസ്റ്റോറന്റിൽ 30 പേർക്ക് ഒരുമിച്ചിരുന്ന് കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ട്. വേമ്പനാട് കായലിനോട് ചേർന്നു കിടക്കുന്ന 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. അക്വാ ടൂറിസത്തിൽ നൂതനമായ സംവിധാനങ്ങളും മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. വാട്ടർ സൈക്കിൾ, കയാക്കി, പെഡൽ ബോട്ട്, റോയിങ് ബോട്ട്, എന്നിവയും സജ്ജമാണ്. ഫ്‌ളോട്ടിംഗ് റസ്റ്റോറന്റും കാളാഞ്ചി മത്സ്യക്കൂടു കൃഷിയുടെയും ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പി നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഫാം മാനേജർ പി. നിഷ,​ ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ്, പഞ്ചായത്ത് അംഗങ്ങളായ ശാലിനി മധു, സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം. ശശി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡേ. ദിനേശൻ ചെറുവാട്ട്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ റ്റി. രഘുവരൻ, ശ്രീവിദ്യാ സുമോദ്, പി.ബി. ദാളോ ഫ്രാൻസിസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ബാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.