bus-stnd

കോട്ടയം . ദിനംപ്രതി ആയിരക്കണക്കിന് പേർ എത്തുന്ന മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനെ അധികൃതർ കൈയൊഴിഞ്ഞതോടെ സാമൂഹ്യവിരുദ്ധർ കീഴടക്കി. രാത്രിയായാൽ മദ്യപസംഘത്തിന്റെ വിഹാരകേന്ദ്രമാണിവിടം. ഒപ്പം ഗുണ്ടാസംഘങ്ങളുടെ സജീവ സാന്നിദ്ധ്യവും കൂടിയായതോടെ യാത്രക്കാർ ഭീതിയോടെയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാരുമാണ് സ്റ്റാൻഡിലെത്തുന്നവിരലേറെയും. യാത്രക്കാർക്കായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളും സാമൂഹ്യവിരുദ്ധർ കൈക്കലാക്കി.

പകൽസമയങ്ങളിൽ പരസ്യമായി മദ്യപാനം നടത്തി ഇരിപ്പിടങ്ങളിൽ കിടന്നുറങ്ങുന്നവർ രാത്രിയിലാണ് മടങ്ങുന്നത്. രോഗികളടക്കമുള്ളവർ തറയിൽ ഇരിക്കേണ്ട അവസ്ഥയിൽ ആണ്.

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി.

സ്വകാര്യബസുകളും, കെ എസ് ആർ ടി സി ദീർഘദൂര ബസുകളടക്കം കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് കീഴിലാണ്. ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടത്തിന് മുകൾ വശത്ത് പുല്ലുവളർന്ന് മൂടിയ നിലയിലാണ്. കൂടാതെ സമീപത്തെ തണൽവൃക്ഷങ്ങളുടെ ശിഖരങ്ങൾ അപകട ഭീഷണിയുയർത്തി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്നു. ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യവും ഇവിടെയില്ല. സ്റ്റാൻഡിനുള്ളിൽ കോൺക്രീറ്റ് പാകിയ ഇടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കല്ലുകൾ നിറഞ്ഞ നിലയിലാണ്. സ്റ്റാൻഡിനു പരിസരത്തായി മാലിന്യവും കുന്നുകൂടിയതോടെ ദുർഗന്ധം വമിക്കുകയാണ്.

ഗുണ്ടാ ഏറ്റുമുട്ടൽ പതിവ്.

ഗുണ്ടാസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്. ഇതിനോടകം നിരവധി പേർക്കതിരെ ആണ് കാപ്പ ചുമത്തിയത്.