
കോട്ടയം: ഉന്നത പൊലീസ് മേധാവിയായിരിക്കെ കഥ മെനഞ്ഞ് ശ്രീലേഖ നേരത്തെയും പുലിവാല് പിടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അഭയ ആക്‌ഷൻ കമ്മിറ്റി കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ. ഇവർ തെക്കൻ കേരളത്തിൽ ജോലി നോക്കുന്നതിനിടയിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതദേഹം വേമ്പനാട്ടുകായലിൽ പൊങ്ങിയ സംഭവത്തിലെ പ്രതി അവിഹിത ഗർഭത്തിൽ പിറന്ന കുട്ടിയെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയാണെന്ന് കണ്ടെത്തിയെങ്കിലും അവരുടെ കുടുംബം തകരാതിരിക്കാൻ "അൺഡിറ്റക്ടഡ്' എന്നെഴുതി കേസ് അവസാനിപ്പിച്ചതായി ഒരു വനിതാ പ്രസിദ്ധികരണത്തിൽ ശ്രീലേഖ എഴുതിയ ലേഖനത്തിൽ വിവരിച്ചിരുന്നു. തുടർന്ന് ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോമോൻ ഡി.ഐ.ജിക്ക് പരാതി നൽകി. അന്വേഷണത്തിന് ടി.പി.സെൻകുമാറിനെ ചുമതലപ്പെടുത്തി. എന്നാൽ സാഹിത്യവും സ്വാതന്ത്യവും ഉപയോഗിച്ചെഴുതിയ സൃഷ്ടിയാണെന്ന വിശദീകരണത്തോടെ ശ്രീലേഖ തടിയൂരിയെങ്കിലും മുൻകൂർ അനുമതി വാങ്ങാതെ ഇത്തരം കാര്യങ്ങൾ ഉദ്യോഗസ്ഥർ എഴുതരുതെന്ന സർക്കുലർ ഡി.ജി.പി രമൺശ്രീവാസ്തവ ഇറക്കി. പരാതി കൊടുത്ത തന്നോടുള്ള പ്രതികാരം തീർക്കാൻ ശ്രീലേഖയുടെ നിർദ്ദേശപ്രകാരം ഏറ്റുമാനൂർ എസ്.ഐ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ജോമോൻ ആരോപിച്ചു.