പാലാ -ഏറ്റുമാനൂർ ഹൈവേയിൽ അപകടം തുടർക്കഥ

പാലാ: ഈ അപകടങ്ങൾക്ക് അവസാനമില്ലേ...? മികച്ച റോഡുകളിൽ ഒന്നായ പാലാ -ഏറ്റുമാനൂർ ഹൈവേയിൽ ദിവസേന നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മഴക്കാലം ആയതോടെ ഇതിന്റെ എണ്ണം കൂടി. ഈ റൂട്ടിൽ പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും പരിശോധന കാര്യക്ഷമമല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.

ഇന്നലെ രാവിലെ 9.15 ഓടെ കുമ്മണ്ണൂർതാഴെയുണ്ടായതാണ് ഒടുവിലത്തെ അപകടം. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ റോഡിൽ തെറിച്ച് വീണെങ്കിലും ഭാഗ്യത്താൽ പരിക്കുകൾ ഒന്നും ഉണ്ടായില്ല.

ചേർപ്പുങ്കൽ പാലത്തിൽ ഗതാഗതം നിയന്ത്രിച്ചതോടെ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള നിരവധി വാഹനങ്ങൾ കുമ്മണ്ണൂരിൽ നിന്നും ചെമ്പിളാവ് റൂട്ടിൽ തിരിഞ്ഞാണ് പോകുന്നത്. ഇന്നലെ രാവിലെ കോട്ടയം ഭാഗത്തുനിന്ന് മാർ സ്ലീവാ ആശുപത്രിയിലേക്ക് കാറിൽപോയവരാണ് അപകടത്തിൽ പെട്ടത്.

കാർ കുമ്മണ്ണൂർതാഴെ വെച്ച് ചെമ്പിളാവ് റോഡിലേക്ക് പ്രവേശിക്കാൻ തിരിഞ്ഞപ്പോൾ പാലാ റൂട്ടിൽ നിന്ന് വേഗതയിൽ എത്തിയ ബൈക്ക് കാറിന്റെ മുൻവശത്ത് തട്ടി മറിയുകയായിരുന്നു. അപകടത്തിൽ ബൈക്കിന് കാര്യമായ നാശനഷ്ടമുണ്ട്. കാറിന്റെ മുൻവശവും തകർന്നു.

18 അപകടങ്ങൾ

കഴിഞ്ഞ ആറ് മാസത്തിനിടെ പാലാ ഏറ്റുമാനൂർ റൂട്ടിൽ ചെറുതും വലതുമായ 18 അപകടങ്ങളാണ് ഉണ്ടായത്. രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. കിടങ്ങൂർ പൊലീസിന്റെയും പാലാ പോലീസിന്റെയും പരിധികളിൽപ്പെടുന്ന റോഡ് ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.

കുമ്മണ്ണൂർ ജംഗ്ഷൻ, കുമ്മണ്ണൂർ താഴെ, ചേർപ്പുങ്കൽ, പുലിയന്നൂർ, സെന്റ് തോമസ് കോളേജ് കവാടത്തിനരികെ, അൽഫോൻസാ കോളേജ് വളവ് എന്നിവിടങ്ങളൊക്കെ അപകമേഖലയായിട്ട് മാറുകയാണ്. മഴയിൽ വെള്ളം വീണ് മിനുസമായി കിടക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. സെന്റ് തോമസ് കോളേജിനരികിലെയും മുത്തോലിയിലുമുള്ള ട്രാഫിക് മെറിഡിയനുകളും വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ്.