പാലാ : എം.ജി യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച വനിതാ കോളേജ് എന്ന നിലയിൽ പാലാ അൽഫോൻസാ കോളേജ് ഉയരങ്ങളിലേക്ക്. വിജയങ്ങളുടെ റാണിയാണിന്ന് അൽഫോൻസാ കലാലയം. പഠനപാഠ്യേതര വിഷയങ്ങളിൽ മിന്നുന്ന വിജയം കാഴ്ചവച്ച് അൽഫോൻസയിലെ പെൺകുട്ടികൾ വിദ്യാർത്ഥി സമൂഹത്തിന് തന്നെ മാതൃകയാകുകയാണ്. മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷയിൽ 47 റാങ്കുകളും 5 എസ് ഗ്രേഡുകളും, 121 എ പ്ലസ് ഗ്രേഡുകളുമടക്കം തിളങ്ങുന്ന വിജയമാണ് അൽഫോൻസ കരസ്ഥമാക്കിയത്. അഞ്ജുമോൾ എസ്, അതുല്യമോൾ ബെന്നി എന്നിവർ ഇക്കണോമിക്‌സ് വിഭാഗത്തിലും ലിഡ ജോൺസൺ, അനു അൽഫോൻസ് ജേക്കബ് എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിലും അൽക്ക ഫിലിപ്പ്, റിച്ചു ലിസ് റോയ് എന്നിവർ ഫിസിക്‌സ് മോഡൽ 2 വിഭാഗത്തിലും, തീർത്ഥ തിലക്, ഗീതു മേരി പ്രവീൺ എന്നിവർ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. ശ്രേയ സുരേഷ്, അനുപ സാജൻ എന്നിവർ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റിയിലെ എല്ലാ ബിരുദ വിഷയങ്ങളിലെയും ആദ്യ പത്തു റാങ്കുകളിൽ പലതും അൽഫോൻസായിലെ മിടുക്കികൾ സ്വന്തമാക്കി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും കോളേജ് മാനേജർ ബിഷപ് മാർ ജേക്കബ് മുരിക്കൻ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെജിനാമ്മ ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ഷാജി ജോൺ, ഡോ. സിസ്റ്റർ മിനിമോൾ മാത്യു, കോളേജ് ബർസാർ റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ എന്നിവർ അഭിനന്ദിച്ചു.