നായ പലപ്പോഴായി ആക്രമിച്ചത് പത്ത് യാത്രക്കാരെ
ഏറ്റുമാനൂർ: പേരൂരിൽ പാൽ വിതരണത്തിന് പോയ യുവതിയെ തെരുവുനായ കടിച്ചു. പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സ തേടി. പേരൂർ പറേക്കടവിൽ പുത്തൂർ ഭാഗത്ത് സ്‌കൂട്ടറിൽ പാൽ വിതരണത്തിന് പോയ ലിയ എന്ന യുവതിയെയാണ് നായ ആക്രമിച്ചത്.
പറേക്കടവിൽ മൂന്ന് വീട്ടുകാർ ഭക്ഷണം നൽകി സംരക്ഷിക്കുന്ന തെരുവ് നായയാണ് നാട്ടുകാർക്ക് ഭീഷണിയായി മാറിയത് കുട്ടികൾക്കും വാഹന യാത്രക്കാർക്കും സ്ഥിരം ഭീഷണിയാണ് ഈ നായ. നായയ്ക്ക് ഭക്ഷണം നൽകുന്നത് നിർത്തണമെന്നും അല്ലെങ്കിൽ നായെ പൂട്ടിയിട്ട് വളർത്തണമെന്നും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും വീട്ടുകാർ തയാറായില്ലെന്ന് പരാതിയുണ്ട്. പലപ്പോഴായി പത്ത് യാത്രക്കാർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കുരച്ചുകൊണ്ട് നായ പിന്നാലെ എത്തുമ്പോൾ വാഹനം മറിഞ്ഞ് വീണും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് വാർഡ് കൗൺസിലർ അജിശ്രീ മുരളിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പരാതി നൽകിയതിനെത്തുടർന്ന് നായയെ പൂട്ടിയിടാൻ ഏറ്റുമാനൂർ പൊലീസ് നിർദേശിച്ചു.
സംരക്ഷകരിൽ ഒരാളുടെ വീടിന്റെ പൂമുഖത്ത് വിശ്രമിക്കുന്ന നായ.