വൈക്കം : കായലോര ബീച്ചിലെ വൈക്കം സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനത്തിലെ ശില്പങ്ങളുടെ അ​റ്റകു​റ്റപ്പണികൾ ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയാണ് എട്ട് വർഷങ്ങൾക്ക് മുൻപ് വൈക്കത്ത് ശില്പ ഉദ്യാനം നിർമ്മിച്ചത്. പ്രമുഖ ഫൈനാർട്‌സ് കോളേജുകളിലെ കലാ അദ്ധ്യാപകരാണ് ഒരു മാസം നീണ്ടുനിന്ന ക്യാമ്പിലൂടെ പത്ത്ശില്പങ്ങൾ നിർമ്മിച്ചത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സ്മാരകമായാണ് ശില്പങ്ങൾ ഒരുക്കിയത്.ശില്പ നിർമ്മാണം നടന്നതോടെയാണ് വൈക്കം ബീച്ചും ശ്രദ്ധ നേടിയത്. ഇന്ന് വൈക്കത്ത് എത്തുന്നവരുടെ പ്രധാന ഉല്ലാസ വിശ്രമ കേന്ദ്രമായി ഇവിടം മാറി. നിത്യവും നൂറുകണക്കിന് ആളുകളാണ് ശില്പ ഉദ്യാനം സന്ദർശിക്കുന്നത്.

സിമന്റിൽ നിർമ്മിച്ച ശില്പങ്ങൾക്ക് മഴയും വെയിലുമേറ്റ് കേടുപാടുകൾ സംഭവിച്ചിരുന്നു. അ​റ്റകു​റ്റപണികൾ നടത്തണമെന്ന് നഗരസഭ അദ്ധ്യക്ഷയും ശില്പ ഉദ്യാനം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്കാദമി ശില്പങ്ങളുടെ പുനരുദ്ധാരണം ഏ​റ്റെടുത്തത്. ശില്പങ്ങൾ നിർമ്മിച്ച ശില്പികൾ തന്നെയാണ് അ​റ്റകു​റ്റപ്പണികൾ നടത്തിയത്. അഞ്ച് ദിവസം നീളുന്ന ക്യാമ്പിലൂടെ ശില്പങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്.