ചങ്ങനാശേരി: ഒരു മഴ പെയ്താൽ മതി. റോഡിൽ കുന്നോളം മാലിന്യമുണ്ടാകും. ഓടയിലെ മാലിന്യം അപ്പാടെ റോഡിൽ. മഴയിൽ റോഡിലൂടെ മാലിന്യം പരന്നൊഴുകും. ദിനം പ്രതി നൂറ് കണക്കിന് ചരക്ക് ലോറികളും മറ്റും എത്തുന്ന ചങ്ങനാശേരി മാർക്കറ്റ് റോഡിലാണ് ഈ ദുരിതം. മൂടിയില്ലാത്ത ഓടയിൽ മാലിന്യവും മണ്ണും നിറഞ്ഞ നിലയിലാണ്. റോഡിലേക്ക് മാലിന്യം ഒഴുകുന്നത് വ്യാപാരികളെയും വലയ്ക്കുന്നുണ്ട്. യഥാസമയം ഓടയിൽ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാത്തതാണ് വിനയായത്. മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ് കവിയും. നിരവധി തവണ പരാതിപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. റോഡിനോട് ചേർന്ന് കച്ചവടം നടത്തുന്ന വ്യാപാരികൾക്കാണ് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴ പെയ്‌തൊഴിയുന്നതോടെ, മാലിന്യങ്ങൾ റോഡിൽ പലയിടങ്ങളിലായി തങ്ങിക്കിടക്കുന്നതിനും ഇടയാക്കുന്നു. ഇവ നീക്കം ചെയ്യാത്തതിനാൽ, അഴുകി ദുർഗന്ധം വമിക്കും.
രോഗഭീതി
കൊതുക് പെരുകുന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും നിലവിലെ സ്ഥിതി കാരണമാകും. കാൽനടയാത്രികരുടെ ഭാഗത്ത് നിന്നും പരാതികൾ ഏറുകയാണ്.