
ചങ്ങനാശേരി. നഗരസഭസ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലാക്കാനുള്ള അഞ്ചു കോടി രൂപയുടെ സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ച് ചർച്ച നടത്തി. രാജ്യാന്തര നിലവാരത്തിലുള്ള നാച്ചുറൽ ടർഫ് ആണ് പുതിയതായി നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ മുഖ്യ ആകർഷണം. ഇതുകൂടാതെ നിലവിൽ കിഴക്കു ഭാഗത്തുള്ള ഗാലറിക്കു മുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള ഒരുകോടി രൂപയോളം മുടക്കുമുതലുള്ള ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര, ഒരുകോടി പത്തു ലക്ഷം രൂപയുടെ ജിംനേഷ്യം തുടങ്ങിയവയാണ് പദ്ധതിയിൽ ഉള്ളത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.