മുട്ടുചിറ: ജനകീയ ആവശ്യം കണക്കിലെടുത്ത് മൈലാടുംപാറ കുടിവെള്ളപദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മൈലാടുംപാറയിൽ കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം മുട്ടുചിറ പാലകര പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങളിലും കേരള വാട്ടർ അതോറിറ്റിയുടെ ജല ജീവൻ മിഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.

പ്രാദേശിക ജനകീയ കുടിവെള്ള പദ്ധതി വിജയിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മൈലാടുംപാറയിൽ പ്രത്യേക യോഗം ചേർന്നു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിക്ക് പ്രഥമ ഫണ്ട് അനുവദിച്ച മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ, സ്ഥലം വിട്ടു നല്കിയ തോമസ് വെട്ടുവഴി, വി.എൽ ലൂക്കാ പുല്ലൻകുന്നേൽ, ജോർജ് കരോടൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുടിവെള്ള പദ്ധതി കൺവീനർ ഓനച്ചൻ പുത്തൻപുരക്കൽ, പ്രസിഡന്റ് ജോയി വഞ്ചിപ്പുര, സെക്രട്ടറി ബാബു മറ്റക്കോട്ടിൽ, ത്രേസ്യാമ്മ തോമസ്, ഷൈനി ബിനോയി , ബെന്നി ആലുങ്കൽ, റോയി മാഞ്ഞൂരാൻ, സിസിലി ജേക്കബ്ബ് പുല്ലൻ കുന്നേൽ, ജോമോൾ ജോമി ചിറയിൽ, രമ വിജയൻ എന്നിവർ പ്രസംഗിച്ചു.