കിച്ചൻപാറ ഭാഗത്തേക്കുള്ള നടപ്പാലം അപകടാവസ്ഥയിൽ
മുണ്ടക്കയം: കാഴ്ചയിൽ തന്നെ ഭയം തോന്നും. പിന്നെ കയറിയാൽ കാര്യം പറയണോ... ആടിയുലയുന്ന പാലം. ഏത് നിമിഷവും നിലംപൊത്താം. വീഴുന്നതാകട്ടെ കുത്തൊഴുക്കിലും... മുണ്ടക്കയം ടൗണിന് സമീപം ഇടുക്കി ജില്ലയിലെ 34ാം മൈലിന് അക്കരെ കിച്ചൻപാറ ഭാഗത്തേക്കുള്ള നടപ്പാലമാണ് അപകടാവസ്ഥയിലുള്ളത്. നടപ്പാലം തകർന്നതോടെ രണ്ട് കിലോമീറ്റർ ചുറ്റി കറങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. നൂറിൽ അധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. മണിമലയാറ്റിലേക്ക് 35ാം മൈലിൽ നിന്നും എത്തുന്ന നെടുന്തോടിന് കുറുകെ ഉണ്ടായിരുന്ന നടപ്പാലമായിരുന്നു നാടിന്റെ ഏക ആശ്രയം. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ പാലം പുഴ കവർന്നു. ഇതോടെ മുളംകയം വഴി കിലോമീറ്ററുകൾ ചുറ്റി കറങ്ങിയാണ് നാട്ടുകാർ മുണ്ടക്കയം ടൗണിലേക്ക് എത്തിയിരുന്നത്. യാത്ര ദുരിതമായതോടെ നാട്ടുകാർ തന്നെ ചേർന്ന് തെങ്ങ് തടി കൊണ്ട് താത്ക്കാലിക നടപ്പാലം നിർമ്മിക്കുകയായിരുന്നു. എന്നാൽ ഇതും ഇപ്പോൾ അപകടാവസ്ഥയിലായി. പാലം ഏത് നിമിഷവും നിലംപൊത്താം എന്ന സ്ഥിതിയിലാണ്.
എന്ത് നടപടി!
പരാതികൾ ഉയർന്നിട്ടും പുതിയ പാലം നിർമ്മിക്കാൻ നടപടികളൊന്നും ആയിട്ടില്ല. താത്ക്കാലിക പരിഹാരമായെങ്കിലും ഒരു പാലം നിർമ്മിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.