പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ 62ാമത് വിഗ്രഹദർശന ദിനാഘോഷം ഇന്ന് നടക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ജാതവേദൻ നമ്പൂതിരി, അനിൽ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് പുലർച്ചെ 5 ന് നടതുറക്കൽ, വിശേഷാൽപൂജകൾ, അഭിഷേകങ്ങൾ, 6 മുതൽ ധാരാനാമജപം, 9.30 മുതൽ മഹാപ്രസാദഊട്ട്, വിഗ്രഹദർശന സമയമായ 2.30ന് ദീപാരാധന. 501 പറ അരിയുടെ മഹാപ്രസാദമൂട്ട് നടക്കും. രാവിലെ 9ന് പ്രശസ്ത സാമവേദപണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടെ മഹാപ്രസാദഊട്ടിന് തുടക്കമാകും. വൈകിട്ട് 7.30ന് പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് 'അമൃതതരംഗിണി. ആഘോഷങ്ങൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രൻനായർ, സെക്രട്ടറി എസ്.ഡി സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി.ഇടച്ചേരിൽ എന്നിവർ അറിയിച്ചു.