ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. സീറോ മലബർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രധാന തിരുനാൾദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 19 മുതലുള്ള നൊവേന ദിനത്തിൽ സീറോമലങ്കരസഭ തലവൻ ബസേലിയോസ് മാർ ക്ലിമീസ് കതോലിക്കാബാവ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, റവ.ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ്ജ് മഠത്തിക്കണ്ടം, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ മാത്യു വാണിയകിഴക്കേൽ എന്നിവർ വിവിധ ദിവസങ്ങളിൽ രാവിലെ 11ന് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. നൊവേന ദിവസങ്ങളിൽ 5.30, 6.30, 8, 11, 2.30 , 5 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ജപമാല മെഴുകുതിരി പ്രദക്ഷിണം. 27ന് വൈകുന്നേരം അഞ്ചിന് ഫൊറോന ദൈവാലയത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിക്കും.
തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് നേർച്ചയപ്പം വെഞ്ചരിച്ച് മാർ ജോസഫ് പള്ളിക്കാപറമ്പിൽ കബറിടത്തിങ്കൽ വിശുദ്ധ കുർബാനയർപ്പിക്കും.
10.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടവകദൈവാലയത്തിൽ തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. പ്രദക്ഷിണത്തിനുശേഷം 2.30 മുതൽ തീർത്ഥാടനദൈവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 9.30ന് പ്രവാസികൾക്ക് വേണ്ടി വിശുദ്ധ കുർബാനയുണ്ടാകും.
27ന് 3.30 ന് തീർത്ഥാടനകേന്ദ്രത്തിൽ ശ്രവണപരിമിതർക്കായി പ്രത്യേക കുർബാന ക്രമീകരിച്ചിട്ടുണ്ടെന്നും തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും തീർഥാടനകേന്ദ്രം റെക്ടർ ഫാ.ജോസ് വള്ളോംപുരയിടം, അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോൺസൺ പുള്ളീറ്റ്, അസി.റെക്ടർ ഫാ.ജോസ് കീരാംതടത്തിൽ എന്നിവർ അറിയിച്ചു.