pakkil

കോട്ടയം. പഴയമയുടെയും ഗൃഹാതുരത്വത്തിന്റെയും ഓ‌ർമകളുണർത്തുന്ന സംക്രാന്തി വാണിഭം നാളെയും പാക്കിൽ വാണിഭം മറ്റന്നാൾ മുതലും നടക്കും. മിഥുനമാസത്തിലെ അവസാന ദിവസമാണ് സംക്രാന്തികവലയിലെ വാണിഭമെങ്കിൽ പാക്കിൽശാസ്താ ക്ഷേത്ര വളപ്പിലെ വാണിഭം കർക്കടകം ഒന്നുമുതൽ ഒരു മാസത്തോളമാണ്. കൊവിഡ് വ്യാപനത്തിൽ രണ്ടു വർഷമായി ചടങ്ങുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വാണിഭം വിപുലമായ രീതിയിലാണ് ഈ വർഷം നടത്തുക.

കോട്ടയം നഗരസഭ, കുമാരനല്ലൂർ ഊരാണ്മ ദേവസ്വം, സംക്രാന്തി വിളക്കമ്പലം, വ്യാപാരി വ്യവസായ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സംക്രാന്തി വാണിഭ പരിപാടികൾ. 16ന് മൂന്നിന് നീലിമംഗലത്തു നിന്ന് സംക്രാന്തിയിലേക്ക് സാംസ്കാരിക ഘോഷയാത്ര. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കർഷകരെയും വ്യാപാരികളെയും കലാകാരന്മാരെയും ആദരിക്കും. കുടുംബശ്രീ, കൃഷിഭവൻ, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും പരമ്പരാഗത വ്യാപാരികളുടെയും സ്റ്റാളുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. നാടൻ വിത്തിനങ്ങളും കാർഷികോപകരണങ്ങളും സ്റ്റാളുകളിൽ ലഭ്യമാകും. വിവിധ നാടൻ കലാപരിപാടികളും അരങ്ങേറും.

പുതുതലമുറക്ക് അന്യമായ ഉരൽ, ഉലക്ക, അമ്മിക്കല്ല്, അരകല്ല്, ആട്ടുകല്ല്, കൽചട്ടി, മൺചട്ടി, മരത്തടിയിൽ തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന മത്ത്, പണ്ട് കാലത്ത് ചോറ് വാർത്തിരുന്ന തടിപ്പലക,നാഴി, ഇടങ്ങഴി, പറ ,നെല്ല് ഉണക്കുന്ന വലിയ ചിക്കു പായ, കിടക്കാനുള്ള പായ, വിശറി, തുണിയുള്ള ചാരുകസേര തുടങ്ങി പഴമയുടെ കഥ പറയുന്ന സാധനങ്ങൾക്കു പുറമേ വിവിധ ഇനം ഫർണീച്ചറുകളും ഒരു മാസക്കാലം ലഭ്യമാണ്.

മീൻകറിക്ക് രുചിക്കൂട്ടുന്ന കുരുമാറ്റി, എണ്ണയിട്ട് നന്നായി ഉണക്കിയ കുടംപുളി എന്നിവ എന്തു വില കൊടുത്തും പാക്കിൽ വാണിഭത്തിൽ നിന്ന് വാങ്ങി സ്റ്റോക്ക് ചെയ്യാൻ വീട്ടമ്മമാർ കാത്തിരിക്കുകയാണ് . അവിൽ,മലര് ,നാടൻകുത്തരി, കരിപ്പട്ടി, മറയൂർ ശർക്കര, പഞ്ഞപ്പുല്ല്, കൂവപ്പൊടി തുടങ്ങിയവയും ലഭിക്കും.രണ്ടു വർഷത്തെ കൊവിഡ് ആലസ്യത്തിന് ശേഷം അരങ്ങേറുന്ന പാക്കിൽ സംക്രാന്തിയെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്. വിപുലമായ സംവിധാനമാണ് ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുള്ളത്.

'ഇവിടെ പാർക്ക്' പാക്കിലായി.

ഇന്നത്തെ പാക്കിൽ ശാസ്താക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാൻ ഉന്നത ജാതിക്കാർ പലതവണ ശ്രമിച്ചിട്ടും ഉറച്ചില്ല. കുട്ടയും മുറവും വിൽക്കാൻ എത്തിയ പറയിപെറ്റ പന്തിരുകുലത്തിൽ പെട്ട പാക്കനാർ താൻ ഒരു കൈ നോക്കാം, "ഇവിടെ പാർക്ക്" എന്ന് പറഞ്ഞ് വിഗ്രഹം ഉറപ്പിച്ചതിൽ നിന്നാണ് പാർക്കിലും പിന്നീട് പാക്കിലും ഉണ്ടായതെന്നാണ് ഐതീഹ്യം. സംക്രാന്തി നാളിൽ തന്റെ പിന്തുടർച്ചക്കാർ ഇവിടെ എത്തുമെന്ന് പാക്കനാർ പറഞ്ഞു. അതുപോലെ ഇന്നും പാക്കനാരുടെ പിന്തുടർച്ചക്കാർ കുട്ടയും മുറവും വിൽക്കാൻ എത്തുണ്ട്.