
കോട്ടയം. സെർവർ തകരാറിനെ തുടർന്ന് രജിസ്ട്രേഷൻ നടപടികൾ ഇഴയുന്നു. തുടർച്ചയായി രണ്ടാഴ്ചയോളമായി സെർവർ തകരാർ മൂലം സൈറ്റിൽ കയറാൻ കഴിയുന്നില്ല. ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുന്നത് പരിഹരിക്കാനും നടപടിയായില്ല.
സബ് രജിസ്ട്രാർ ഓഫീസുകളിലെ പ്രവർത്തനം ഓൺലൈനിലാക്കിയ ശേഷം ഇതാദ്യമായാണ് ഇത്രയും നാൾ തുടർച്ചയായി സെർവർ തടസപ്പെടുന്നത്. ആധാരം രജിസ്‌ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, പകർപ്പെടുക്കൽ, വിദേശത്ത് പോകുന്നവർക്കുള്ള വിവാഹ രജിസ്‌ട്രേഷൻ തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് സബ് രജിസ്ട്രാർ ഓഫീസുകളെ ആശ്രയിക്കുന്നവർക്കാണ് ദുരിതമേറെയും. ആധാരം എഴുത്തുകാർക്ക് സൈറ്റിൽ കയറാനുള്ള പാസ് വേഡ് നൽകിയിട്ടുണ്ട്. എന്നാൽ അതനുസരിച്ചുള്ള രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ കയറാൻ കഴിയാതെ കുഴങ്ങുകയാണ്. പലരും മണിക്കൂറുകൾ കാത്ത് നിന്ന് നിരാശരായി മടങ്ങുന്നു.
അക്ഷയ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലും സൈറ്റിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല. സെർവർ തകരാർ പൂർണമായും പരിഹരിക്കാൻ കഴിയാത്തതിനാൽ രജിസ്ട്രേഷൻ നടത്തണമെങ്കിൽ സർവർ വരുന്നതും നോക്കിയിരിക്കണം. ഇതുമൂലം രജിസ്ട്രേഷനുകളുടെ എണ്ണം പകുതിയിലും താഴെയായി.
സൈറ്റ് ഇടയ്ക്ക് കിട്ടും. ഉടൻ പോകുകയും ചെയ്യും. ഇതാണ് അവസ്ഥ. വിദേശത്ത് ജോലി ചെയ്യുന്നവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ തുടങ്ങി ഒട്ടേറെപ്പേരാണ് ഭൂമി ക്രയവിക്രയം, ഇഷ്ടദാനം ഉൾപ്പെടെ വിവിധ കാര്യങ്ങൾക്കായി കാത്തിരിക്കുന്നത്. അവധി തീർന്നിട്ടും കാര്യം നടക്കാതെ തിരികെ പോകേണ്ടി വന്നവരുമുണ്ട്.
ആധാരമെഴുത്തുകാരനായ സുകുമാരൻ വാകത്താനം പറയുന്നു.
'' രണ്ടാഴ്ചയോളമായുള്ള സെർവർ തകരാർ ജോലിയെ ബാധിക്കുന്നു. ഓൺലൈൻ രജിസ്ട്രേഷൻ പൂർണമായും തടസപ്പെട്ടു. ഫീസ് അടയ്ക്കാൻ പോലും കഴിയുന്നില്ല''