
കോട്ടയം. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പരിഷ്കരണങ്ങൾ ഉടൻ തുടങ്ങും. പ്രധാന വർക് ഷോപ്പ് മാറ്റാനും ഡിപ്പോകൾക്ക് പകരം ക്ളസ്റ്റർ ആരംഭിക്കാനുമാണ് തീരുമാനം.
ഡിപ്പോകൾക്കുള്ള ബസുകൾ ഒറ്റ് ക്ളസ്റ്ററിന് കീഴിലാകും. കോട്ടയം ഡിപ്പോ കേന്ദ്രമായാണ് ക്ലസ്റ്റർ. ഡിപ്പോകൾക്ക് സ്വന്തമായി ബസുണ്ടാവില്ല. പകരം ക്ലസ്റ്ററിനായിക്കും ബസുകൾ. എരുമേലി ഓപ്പറേറ്റിംഗ് സെന്ററും പൊൻകുന്നം സബ് ഡിപ്പോയും കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളുമാണുള്ളത്. ഡിപ്പോകൾ ഓപ്പറേറ്റിംഗ് സെന്ററാകുന്നതോടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ ഭരണനിർവഹണ ഓഫീസുകളിലേക്ക് മാറും. ഡിപ്പോകളിൽ സൂപ്രണ്ടും ടിക്കറ്റ്, ക്യാഷ് കൗണ്ടറും സ്റ്റേഷൻ മാസ്റ്ററും മാത്രമേയുണ്ടാകുകയുള്ളു. പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ജോലി കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഭരണനിർവഹണ ഓഫീസ് ചങ്ങനാശേരിക്ക്.
കോട്ടയത്ത് നിർമാണം നടക്കുന്നതിനാൽ ചങ്ങനാശേരിയിലേക്ക് ഭരണനിർവഹണ ഓഫീസ് മാറ്റും. ഇവിടെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഉണ്ടാകില്ല. പകരം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നാൽപതോളം ജീവനക്കാരും ഉണ്ടാകും. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ഓഫീസ് കോട്ടയം ഡിപ്പോയിൽ പ്രവർത്തിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും ജില്ലയിലെ ഏഴു ഓപ്പറേറ്റിംഗ് സെന്ററുകളുടേയും പ്രവർത്തനം. കോട്ടയം ബസ് സ്റ്റാൻഡും കെട്ടിട നിർമാണവും പൂർത്തിയായാൽ ഓഫീസ് കോട്ടയത്തേയ്ക്ക് മാറ്റും.
മേജർ വർക്‌ഷോപ്പ് പാലായിൽ.
എല്ലാ ഡിപ്പോകളോടും ചേർന്നുള്ള വർക് ഷോപ്പുകൾക്ക് പുറമേ പാലായിൽ മേജർ വർക് ഷോപ്പ്.
വലിയ അറ്റകുറ്റപണികൾക്ക് ബസുകൾ പാലായിലെത്തിക്കും.
ദൈനംദിന കാര്യങ്ങളും അത്യാവശ്യ അറ്റകുറ്റപണികളും മാത്രം അതത് വർക് ഷോപ്പുകളിൽ.
എല്ലാ ഡിപ്പോകളിൽ നിന്നും മെക്കാനിക്കുകളെ പാലാ വർക്‌ഷോപ്പിലേയ്ക്ക് സ്ഥലം മാറ്റും.
കോട്ടയം ഡി.ടി.ഒ പറയുന്നു
'' ഭരണനിർവഹണം 18ന് കോട്ടയത്ത് നിന്ന് ചങ്ങനാശേരിയിലേയ്ക്ക് മാറ്റും. പിന്നാലെ ഡ്യൂട്ടി പരിഷ്കരണവും നടപ്പാക്കും"