പാലാ: 'ഓം നമഃശിവായ'' മന്ത്രധ്വനികൾ ഉയർന്ന അന്തരീക്ഷത്തിൽ കടപ്പാട്ടൂരപ്പന്റെ തിരുനട തുറന്നു. സർവ്വാഭീഷ്ട വരദായകനായി കരുണാമൃതം ചൊരിയുന്ന കടപ്പാട്ടൂരപ്പൻ ഭസ്മവിഭൂഷിതനായി ആയിരക്കണക്കിന് ഭക്തരുടെ നേർമുമ്പിൽ പുഞ്ചിരിതൂകി നിന്നു.

കൊവിഡിന് ശേഷം ഇതാദ്യമായി കടപ്പാട്ടൂരിൽ ആഘോഷപൂർവം നടന്ന വിഗ്രഹദർശന മഹോത്സവത്തിന് ഇന്നലെ പുലർച്ചെ മുതൽ ആയിരങ്ങളാണ് കടപ്പാട്ടൂർ മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിയത്.
പുലർച്ചെ സി.എ. ബാലകൃഷ്ണൻ നായർ, പി.ബി. രാജേഷ്, പത്മകുമാരി, സാഗർ പൂവത്തോട് എന്നിവരുടെ നേതൃത്വത്തിൽ ധാരാനാമജപം ആരംഭിച്ചു.തുടർന്ന് മഹാപ്രസാദമൂട്ട് നടന്നു. സാമവേദ പണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. 62 വർഷം മുമ്പ് വിഗ്രഹം കണ്ട സമയമായ 2.30ന് വിശേഷാൽ ദീപാരാധനയും നടതുറപ്പും നടന്നു. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നായായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വലിയകാണിക്കയും പ്രസാദ വിതരണവും നടന്നു. പരിപാടികൾക്ക് ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, എസ്.ഡി. സുരേന്ദ്രൻ നായർ, സജൻ ജി. ഇടച്ചേരിൽ എന്നിവർ നേതൃത്വം നൽകി.